‘ബോർഡ് ഓഫ് പീസ്’ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഹമദ് രാജാവ് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനൊപ്പം

വാഷിംഗ്ടൺ/മനാമ: ഗസ്സയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനും മേഖലയുടെ പുനർനിർമാണത്തിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ വാഷിംഗ്ടണിൽ ചേർന്ന ‘ബോർഡ് ഓഫ് പീസ്’ പ്രഥമ യോഗത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പങ്കെടുത്തു. വിവിധ രാജ്യത്തലവന്മാരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടിയിൽ ഗസ്സയിലെ സംഘർഷാവസ്ഥ പരിഹരിക്കാനും മേഖലയിൽ സുരക്ഷ പുനഃസ്ഥാപിക്കാനുമുള്ള ഈ നീക്കം ചരിത്രപരമായ അവസരമാണെന്ന് ഹമദ് രാജാവ് വിശേഷിപ്പിച്ചു.

ബോർഡ് ഓഫ് പീസിന്റെ സ്ഥാപക അംഗമെന്ന നിലയിൽ ഉച്ചകോടിയിൽ പങ്കുചേരുന്നതിൽ ബഹ്‌റൈൻ അഭിമാനിക്കുന്നുവെന്ന് ഹമദ് രാജാവ് അറിയിച്ചു. ഗസ്സയ്ക്കായി ഒരു ‘ഗവൺമെന്റ് ഡിജിറ്റൽ സർവിസ് പ്ലാറ്റ്‌ഫോം’ സ്ഥാപിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായവും അടിസ്ഥാന സൗകര്യങ്ങളും ബഹ്‌റൈൻ വാഗ്ദാനം ചെയ്തു. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സ്വതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീൻ രാജ്യം സ്ഥാപിക്കണമെന്നും രാജാവ് ഊന്നിപ്പറഞ്ഞു. ഇസ്രായേലും മറ്റ് അയൽരാജ്യങ്ങളുമായി സമാധാനപരമായി സഹവർത്തിത്വം ഉറപ്പാക്കിക്കൊണ്ട് മാത്രമേ മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഡൊണാൾഡ് ട്രംപ്, ഗസ്സയിലെ സാഹചര്യം സങ്കീർണമാണെന്നും എന്നാൽ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള കൂട്ടായ പരിശ്രമത്തിലൂടെ സമാധാനം കൈവരിക്കാനാകുമെന്നും വ്യക്തമാക്കി. ലോകരാജ്യങ്ങളുടെ സഹകരണത്തോടെ സമാധാനം ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിന്റെ ചെലവിനേക്കാൾ വലുതാണ് സമാധാനത്തിന്റെ വില എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗസ്സയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർനിർമാണത്തിനുമായി വൻ സാമ്പത്തിക പാക്കേജും ട്രംപ് ഉച്ചകോടിയിൽ പ്രഖ്യാപിച്ചു.

Tags:    
News Summary - King Hamad attends ‘Board of Peace’ summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.