മനാമ: രാജ്യത്തിന്റെ ഊർജ ആവശ്യങ്ങളിൽ ക്ലീൻ എനർജിയുടെ വിഹിതം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ 372 പുനരുൽപാദന ഊർജ പദ്ധതികൾ വിജയകരമായി പ്രവർത്തനസജ്ജമാക്കിയതായി വൈദ്യുതി ജല അതോറിറ്റി (ഇവ) അറിയിച്ചു. 141 മെഗാവാട്ടിലധികം ശേഷിയുള്ള പദ്ധതികളാണ് നിലവിൽ പൂർത്തിയായിരിക്കുന്നത്. പ്രതിവർഷം 20,000 ജിഗാവാട്ട് അവർ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബഹ്റൈനിൽ, നിലവിൽ 1.5 ശതമാനം മാത്രമാണ് പുനരുൽപാദന ഊർജത്തിന്റെ വിഹിതം.
2035ഓടെ മൊത്തം ഊർജ വിഹിതത്തിന്റെ 20 ശതമാനം ക്ലീൻ എനർജിയിൽനിന്ന് കണ്ടെത്താനാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്. 2060ഓടെ കാർബൺ വിസർജനം പൂജ്യത്തിലെത്തിക്കുക എന്നതാണ് ദീർഘകാല ലക്ഷ്യം. നിലവിലുള്ളതിന് പുറമെ 54 പുതിയ പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇവ പൂർത്തിയാകുന്നതോടെ മൊത്തം ശേഷി 500 മെഗാവാട്ടിലേക്ക് ഉയരും. സ്വകാര്യ മേഖലയുമായി സഹകരിച്ച് 150 മെഗാവാട്ട് ശേഷിയുള്ള ആദ്യ സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ ഇവ ടെൻഡർ നൽകിയിട്ടുണ്ട്.
കൂടാതെ 250 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റുകൾക്കായി സ്വകാര്യ മേഖലയുമായും ഏകോപനം നടത്തുന്നു.കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി 2 മെഗാവാട്ടിന്റെ പൈലറ്റ് പ്രോജക്ട് ഉദ്ഘാടനംചെയ്തു. കടൽതീരങ്ങളിൽ വിൻഡ് ഫാമുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളും നടക്കുന്നുണ്ട്.ഉപഭോക്താക്കൾക്ക് സ്വന്തം വീടുകളിലോ സ്ഥാപനങ്ങളിലോ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനും, അധികം വരുന്ന വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നൽകി ബില്ലിൽ ഇളവ് നേടാനും ഈ പോളിസി സഹായിക്കുന്നു. ഇതിനകം 70ഓളം വീടുകളിൽ ഇത്തരത്തിൽ റൂഫ്-ടോപ് സോളാർ സംവിധാനങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.