പരിശുദ്ധ റമദാൻ ആഗതമായിരിക്കുന്നു. എല്ലാവർഷങ്ങളിലേതും പോലെതന്നെ സമൂഹ ഇഫ്താറുകളും സജീവമായി കഴിഞ്ഞിട്ടുണ്ട്. ഇസ്ലാം വിഭാവനം ചെയ്ത സാഹോദര്യത്തിന്റെയും തുല്യതയുടെയും സഹിഷ്ണുതയുടെയും വലിയ ഗുണപാഠങ്ങൾ കൂടി പൊതുസമൂഹത്തിനു മനസ്സിലാവുന്ന തരത്തിലാണ് ഇഫ്താർ സംഗമങ്ങൾ നടക്കാറുള്ളത്. എങ്കിലും റമദാനിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ചില ഇഫ്താറുകൾ കാണാൻ കഴിഞ്ഞ വർഷങ്ങളിൽ ആയിട്ടുണ്ട്. വെറും ഒരു കാരക്കയും വെള്ളവും ഉണ്ടെങ്കിൽ നോമ്പ് തുറക്കാവുന്നതാണ്. എന്നാൽ, സമൂഹ ഇഫ്താറുകളിൽ വളരെ നല്ല രീതിയിലുള്ള വിഭവങ്ങളാണ് നോമ്പ് തുറക്കാനായി അധികവും സംഘടിപ്പിക്കാറുള്ളത്. സംഘാടകർക്ക് വളരെ ശ്രമകരമാണ് ഇത്. പക്ഷേ, അത് എല്ലാവരും കൃത്യമായി ചെയ്തുവരാറുണ്ട്. അതുപോലെതന്നെ വ്രതം അനുഷ്ഠിച്ചവർക്ക് നമസ്കരിക്കുവാനുള്ള സൗകര്യവും ഉണ്ടാവേണ്ടതുണ്ട്. ഇതെല്ലാം അൽപം പ്രയാസപ്പെട്ടാണെങ്കിലും എല്ലാ സംഘടനകളും ചെയ്തുവരാറുണ്ട്.
ഉള്ള ഭക്ഷണം എല്ലാവരും കൂടി പങ്കിട്ടു കഴിക്കുക എന്നതാണ് നോമ്പിന്റെ ഭംഗി. നിർഭാഗ്യവശാൽ ചില ഇഫ്താറുകളിൽ രണ്ടുതരം ഭക്ഷണം വിതരണം ചെയ്യുകയും ഒരേ ഭക്ഷണം രണ്ടു തരത്തിൽ വിതരണം ചെയ്യുകയും ചെയ്യുന്ന വിഷമകരമായ കാഴ്ച കാണേണ്ടിവന്നിട്ടുണ്ട്. ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത ഒരു പ്രവണതയാണത്. റമദാൻ നോമ്പിന്റെ പവിത്രതക്കുപോലും ഭംഗം വരുത്തുന്നതായി തോന്നിയിട്ടുണ്ട്. സ്ഥാപനങ്ങളായാലും സംഘടനകളായാലും ഇത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇഫ്താറിൽ പങ്കെടുക്കുന്ന എല്ലാവരെയും ഒരു പോലെ കാണേണ്ടതുണ്ട്. ഉന്നത സ്ഥാനം വഹിക്കുന്നവരെയും ക്ഷണിക്കപ്പെട്ട വലിയ അതിഥികൾക്കും മുൻഗണനാടിസ്ഥാനത്തിൽ സീറ്റുകൾ നൽകാം. പക്ഷേ, ഭക്ഷണകാര്യത്തിൽ അതിന്റെ ആവശ്യം കുറഞ്ഞ പക്ഷം ഇഫ്താറുകളിലെങ്കിലും ഉണ്ടാവേണ്ടതില്ല എന്നത് നാം മനസ്സിലാക്കണം. വലിയ സംഘടനകൾ ഉൾക്കൊള്ളുവാൻ കഴിയുന്നതിൽ കൂടുതൽ ആളുകളെ ക്ഷണിച്ചു നോമ്പുകാരന് വെള്ളം പോലും നോമ്പ് തുറക്കുന്ന സമയത്തു നൽകാൻ കഴിയാത്ത രീതിയിൽ എത്തുന്ന അവസ്ഥകളും ഉണ്ടാക്കാതെ നോക്കേണ്ടത് സംഘനാ ഭാരവാഹികളാണ്. എത്ര ലളിതമായ ഭക്ഷണമായാലും അത് കൃത്യമായി തുല്യമായി എല്ലാവർക്കും ഒരേപോലെ ലഭിക്കുക എന്നതിലാണ് സൗന്ദര്യം. ഈ ഇഫ്താർ കാലത്തെങ്കിലും വേറിട്ട കാഴ്ചകൾ കാണാതിരിക്കട്ടെ എന്നാശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.