മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് മലയാളികൾക്ക് വീണ്ടും കാട്ടിത്തന്നുകൊണ്ട് നടൻ ഇന്നസെന്റ് അരങ്ങൊഴിഞ്ഞിരിക്കുന്നു. കാൻസർ വാർഡിലെ അദ്ദേഹത്തിന്റെ പൊട്ടിച്ചിരി ആയിരക്കണക്കിന് രോഗികൾക്ക് പ്രചോദനത്തിന്റെ മണികിലുക്കമായിരുന്നു. അവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസത്തിന്റെ അമൃതായിരുന്നു. സാംസ്കാരിക കേരളത്തിന്റെ ആസ്ഥാനമായ തൃശൂരിൽ ജനിച്ച അദ്ദേഹം ‘മ്മള് തൃശൂർക്കാരു’ടെ സ്വന്തം ഗഡിയും അഭിമാനവുമായിരുന്നു.
എജുക്കേഷനേക്കാൾ വലുതാണ് ഹൃദയമെന്നും ആ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് വരുന്ന നർമബോധമെന്നും തെളിയിച്ച ഇന്നച്ചൻ, നർമബോധം മാത്രമല്ല, കർമബോധവും ധർമബോധവും അങ്ങനെ പല ബോധങ്ങളും ജീവിതത്തിൽ പ്രധാനമാണെന്ന് നമ്മളെ ബോധിപ്പിച്ചുകൊണ്ടാണ് തിരശ്ശീലക്ക് പിന്നിലേക്ക് വിടവാങ്ങുന്നത്. ഇനി യാത്രയാണ്. സൗരയൂഥവും ക്ഷീരപഥങ്ങളും കടന്ന്... പൂത്തുലയുന്ന പറുദീസയുടെ പടിവാതിൽക്കലേക്ക്.
അവിടെ പറുദീസയുടെ സ്വപ്നപൂങ്കാവനങ്ങളിൽവെച്ച് ഇന്നസെന്റ് ദൈവത്തെ മുഖത്തോടുമുഖം കണ്ടെന്ന് വരാം. അപ്പോൾ ‘തൃശൂർ ഭാഷ’ പറഞ്ഞ് ഇന്നച്ചൻ ദൈവം തമ്പുരാനെ ചിരിപ്പിച്ച് കൊല്ലാതിരിക്കട്ടെ. തൃശൂർക്കാരുടെ ചാർളി ചാപ്ലിന് പ്രണാമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.