മനാമ: ബാങ്ക് കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ ഉടൻതന്നെ ബാങ്കിനെ അറിയിക്കണമെന്ന് അധികൃതരുടെ നിർദേശം. കാണാതായ ബാങ്ക് കാർഡുകളെക്കുറിച്ച് ബാങ്കുകളെ അറിയിക്കുന്നതിൽ ആളുകൾ വരുത്തുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരത്തിൽ നഷ്ടപ്പെട്ട കാർഡ് ഉപയോഗിച്ച് ഒരാൾ കാർ വാങ്ങാൻ ശ്രമിച്ചതിന് പിന്നാലെയാണ് അധികൃതർ മുന്നിറിയിപ്പ് ശക്തമാക്കിയത്. മോഷ്ടിച്ച കാർഡ് ഉപയോഗിച്ച് പുതിയ കാർ വാങ്ങാൻ ശ്രമിക്കുന്നതിനിടെ അറബ് പൗരനായ ഒരു വ്യക്തി പിടിയിലായിരുന്നു.
പ്രാദേശിക, വിദേശ ബാങ്കുകൾ നൽകിയ മോഷ്ടിച്ച കാർഡുകളാണ് പ്രതി ഇതിനായി ഉപയോഗിച്ചതെന്നാണ് പബ്ലിക് പ്രോസിക്യൂഷന് പ്രസ്താവനയിൽ അറിയിച്ചത്. പ്രതി തുക അടച്ചതിന് തൊട്ടുപിന്നാലെ, കാർഡ് ഉടമകളിൽനിന്ന് ബാങ്കുകൾക്കും പേമെന്റ് ആപ്പുകൾക്കും പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഇലക്ട്രോണിക് പേമെന്റ് കമ്പനി വാഹനം കൈമാറുന്നത് നിർത്തിവെക്കുകയും സുരക്ഷ അധികാരികളെ അറിയിക്കുകയും ചെയ്യുകയുമായിരുന്നു.
കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ ഉടൻതന്നെ ബാങ്കിനെ അറിയിക്കുന്നതുമൂലം കൂടുതൽ അനധികൃത ഇടപാടുകൾ തടയാൻ സഹായിക്കും. മൊബൈൽ ആപ്ലിക്കേഷൻ, ഓൺലൈൻ ബാങ്കിങ് പോർട്ടൽ അല്ലെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ബാങ്കുകൾ നൽകുന്നുണ്ട്. പുതിയ കാർഡ് ലഭിച്ച ശേഷം, നഷ്ടപ്പെട്ട കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബില്ലുകളും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. എല്ലാത്തരം ഇലക്ട്രോണിക് തട്ടിപ്പുകളിൽനിന്നും സമൂഹത്തെ സംരക്ഷിക്കാൻ സൈബർ ക്രൈം പ്രോസിക്യൂഷൻ പ്രതിജ്ഞബദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം, ഓൺലൈൻ പേമെന്റ് രീതികൾ ഉപയോഗിക്കുമ്പോൾ അതി ജാഗ്രത പാലിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.