പഴയ കലണ്ടർ ചുവരിൽനിന്നെടുത്ത് പുതിയതൊന്ന് തൂക്കുമ്പോൾ ആയുസ്സിന്റെ ഒരുവർഷമാണ് എടുത്തുമാറ്റിക്കളയുന്നതെന്ന് ഞെട്ടലോടെ അയാളോർത്തു. എത്ര വേഗത്തിലാണ് കലണ്ടറിന്റെ ഓരോ താളും മറിഞ്ഞു വീണുകൊണ്ടിരിക്കുന്നത്. ഭൂമിക്ക് മുകളിൽനിന്നും മണ്ണിന്നടിയിലേക്കുള്ള യാത്രയുടെ ദൂരം കുറഞ്ഞുവരുന്നു എന്ന കാര്യം നെഞ്ചകത്തിൽ സ്ഥായിയായി നിലകൊണ്ട നഷ്ടബോധത്തെ ഒന്നുകൂടി ഇരട്ടിപ്പിച്ചു.
പഠനത്തിൽ മിടുക്കിയായിരുന്ന ഭാര്യയെ തുടർവിദ്യാഭ്യാസത്തിന് നിർബന്ധബുദ്ധ്യാ പറഞ്ഞയച്ച നിമിഷത്തെ അയാൾ മനസ്സാ ശപിച്ചു.
പ്ലസ് ടുവിൽ ഉയർന്ന മാർക്കുണ്ടായിട്ടും തുടർന്ന് പഠിക്കാൻ സാഹചര്യങ്ങൾ ഇല്ലാതെപോയ അവളെ എൻട്രൻസിന് പറഞ്ഞയച്ചതും, രാത്രി വൈകിയും പഠിക്കാനായി ഉറങ്ങാതെ കൂട്ടിരുന്നതുമൊക്കെ വീണ്ടും മനസ്സിലേക്ക് തികട്ടിവന്നപ്പോൾ അയാൾക്ക് സ്വന്തത്തോടുതന്നെ വല്ലാത്ത അവജ്ഞ തോന്നിപ്പോയി.
എത്രപെട്ടെന്നാണ് ചില മനുഷ്യരിൽനിന്നും ചില ഗുണവിശേഷങ്ങൾ പെട്ടെന്നിറങ്ങിപ്പോവുന്നത്?? എത്ര ചിന്തിച്ചിട്ടും ആ ചോദ്യത്തിന് ഒരുത്തരം അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
മെഡിക്കൽ പഠനത്തിന്റെ ഓരോ വർഷം കഴിയുമ്പോഴും സ്നേഹബന്ധത്തിന്റെ ഗാഢത കുറഞ്ഞുകുറഞ്ഞുവരുന്നതായി തോന്നിയിരുന്നുവെങ്കിലും അത് തന്റെ തോന്നലായിരിക്കുമെന്നാണ് ആദ്യം സമാധാനിക്കാൻ ശ്രമിച്ചത്. കാരണം അവളില്ലാതെ ഒരു നിമിഷംപോലും വയ്യായിരുന്നല്ലോ.
ഹൗസ് സർജൻസി കഴിഞ്ഞാൽ തന്റെ എല്ലാ സമ്പാദ്യവും വിറ്റ് അവൾക്കായി ഒരു ചെറിയ ക്ലിനിക് തുടങ്ങിക്കൊടുക്കണം എന്നതായിരുന്നു പിന്നീടുള്ള ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. പക്ഷേ, തന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും സംശുദ്ധമായ സ്നേഹത്തെയും വഞ്ചിച്ചുകൊണ്ട് സഹപാഠിയുടെ കൂടെയാണ് അവളുടെ താമസം എന്നറിഞ്ഞപ്പോൾ അത് സത്യമാകരുതേ എന്നതായിരുന്നു പ്രാർഥന.
അവനില്ലാതെ വയ്യ എന്നവൾ മുഖത്ത് നോക്കിപ്പറഞ്ഞപ്പോൾ സകല നിയന്ത്രണങ്ങളും ഒരു സ്ഫോടനത്തിലെന്നപോലെ തകർന്നുപോയിരുന്നു. ഉച്ചഭക്ഷണത്തിന്റെ വരിയിൽ നിൽക്കുമ്പോൾ അവളുടെ അവസാനത്തെ പിടച്ചിൽ വീണ്ടും മനസ്സിലേക്ക് ഇരച്ചുകയറിവന്നു.
നീണ്ട പത്തുവർഷത്തിനിപ്പുറവും ചെയ്തത് തെറ്റാണെന്ന് അയാൾക്ക് തോന്നിയിട്ടേയില്ല. അവൾ അത് അർഹിക്കുന്നുവെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. തന്റെ ശരികൾക്കുള്ള നീതിപീഠത്തിന്റെ അഭിനന്ദനം എന്ന പോലെയാണ് ജീവപര്യന്തത്തെ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്.
‘‘എന്താടാ പ്ലേറ്റും കയീ പിടിച്ചു കിനാവ് കാണ്വാ...’’
വാർഡന്റെ ഉച്ചത്തിലുള്ള തെറികേട്ട് ഞെട്ടിയപ്പോഴാണ് വരിയിൽ താൻ മുമ്പിൽ എത്തിയ ബോധം ഉണ്ടായത്. സ്നേഹം നൽകി പിന്നീട് വഞ്ചിക്കുന്ന പുറംലോകത്തേക്കാൾ വികാരങ്ങൾക്കൊന്നും വലിയ സ്ഥാനമില്ലാത്ത ഈ തടവറയുടെ ലോകംതന്നെയാണ് നല്ലതെന്ന് അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പലവിധങ്ങളായ തെറ്റുകളുടെ ഭാരവുംപേറി ആ വലിയ മതിൽക്കെട്ടിനുള്ളിൽ ചിതറിക്കിടക്കുന്ന മനുഷ്യരിലേക്ക് തന്റെ ശരികളും ചുമന്നുകൊണ്ട് അയാളും ഭക്ഷണപ്ലേറ്റുമായി പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.