മനാമ: ജോലി നഷ്ടപ്പെടുകയോ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയോ ചെയ്യുന്നതുകൊണ്ടുമാത്രം ഭവന സർവിസ് അപേക്ഷകൾ റദ്ദാക്കപ്പെടില്ലെന്ന് ഭവന-നഗര ആസൂത്രണ മന്ത്രാലയം വ്യക്തമാക്കി.
റദ്ദാക്കിയ ഹൗസിങ് അപേക്ഷകൾ പുനഃസ്ഥാപിക്കുന്നതിനുള്ള കാലാവധി രണ്ട് വർഷത്തിൽനിന്ന് നാലു വർഷമായി ഉയർത്താനുള്ള നിർദേശം പാർലമെന്റ് (കൗൺസിൽ ഓഫ് റെപ്രസന്റേറ്റിവ്സ്) ചർച്ച ചെയ്യാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ വിശദീകരണം. ഹൗസിങ് സർവിസുകൾക്ക് ആവശ്യമായ അടിസ്ഥാന അർഹതാ നിബന്ധനകളിൽ ഏതെങ്കിലും പൗരന് നഷ്ടമായാൽ മാത്രമേ അപേക്ഷകൾ ഔദ്യോഗികമായി റദ്ദാക്കുകയുള്ളൂ എന്ന് മന്ത്രാലയം അറിയിച്ചു.
അർഹത നഷ്ടപ്പെട്ടത് കാരണം അപേക്ഷ റദ്ദാക്കപ്പെട്ടവർക്ക് രണ്ട് വർഷത്തിനുള്ളിൽ അത് പുനഃസ്ഥാപിക്കാൻ അപേക്ഷിക്കാവുന്നതാണ്. എന്നാൽ, ബഹ്റൈൻ പൗരത്വം നഷ്ടപ്പെടുന്ന കേസുകളിൽ ഈ ഇളവ് ബാധകമല്ല. ഈ രണ്ട് വർഷത്തെ കാലാവധി നാല് വർഷമായി ഉയർത്തണമെന്നാണ് പുതിയ നിർദേശം ആവശ്യപ്പെടുന്നത്. വിവാഹമോചനം പോലുള്ള കാരണങ്ങൾ അപേക്ഷകൾ സ്വയം റദ്ദാക്കപ്പെടുന്നതിന് കാരണമാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ, കുടുംബത്തിന്റെ പുതിയ അവസ്ഥക്ക് അനുയോജ്യമായ മറ്റൊരു കാറ്റഗറിയിലേക്ക് അപേക്ഷ മാറ്റാനും അത് നിലനിർത്താനും സാധിക്കും. എം.പി ഹനാൻ ഫർദാനാണ് ഈ ഭേദഗതി നിർദേശം സമർപ്പിച്ചത്. ജോലി നഷ്ടമോ സാമ്പത്തിക അസ്ഥിരതയോ നേരിടുന്ന കുടുംബങ്ങൾക്ക് രണ്ട് വർഷത്തിനുള്ളിൽ തങ്ങളുടെ അർഹത വീണ്ടെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകാമെന്ന് അവർ ചൂണ്ടിക്കാട്ടി.
മറ്റു ചില രാജ്യങ്ങളിലെ ഹൗസിങ് സംവിധാനങ്ങളിൽ ഇത്തരത്തിൽ കൂടുതൽ സമയപരിധി അനുവദിക്കുന്നുണ്ടെന്നും അവർ ഓർമിപ്പിച്ചു. പൊതുതാൽപര്യം മുൻനിർത്തി പാർലമെന്റിലെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയൺമെന്റ് കമ്മിറ്റി ഈ നിർദേശം അംഗീകരിക്കാൻ ശിപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.