മനാമ: അറബ് മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കുമെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി വ്യക്തമാക്കി. സാംസ്കാരിക വിനിമയത്തിനുള്ള വേദിയായും സുസ്ഥിര വികസനത്തിന്റെ പ്രധാന ചാലകശക്തിയായും അറബ് വിനോദസഞ്ചാരത്തെ മാറ്റിയെടുക്കുന്നതിനുള്ള സംയോജിത നയങ്ങളാണ് രാജ്യം നടപ്പിലാക്കുന്നതെന്നും അവർ പറഞ്ഞു. അറബ് വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
“സാംസ്കാരിക സ്വത്വം ഉയർത്തിക്കാട്ടുന്നതിനും ക്രിയേറ്റീവ് വ്യവസായങ്ങളെ പിന്തുണക്കുന്നതിനും ജനങ്ങൾക്കിടയിൽ പരസ്പര ബന്ധം വളർത്തുന്നതിനുമുള്ള പ്രധാന ഉപാധിയായി ടൂറിസം മാറിയിരിക്കുന്നു. സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്തെയും കോർത്തിണക്കിയുള്ള ഒരു സന്തുലിത ടൂറിസം മേഖലയാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്. ആഗോളതലത്തിലെ മികച്ച മാതൃകകൾ സ്വീകരിക്കുന്നതിനും വൈദഗ്ധ്യം പങ്കുവെക്കുന്നതിനുമായി അന്താരാഷ്ട്ര ടൂറിസം സംഘടനകളുമായി കൂടുതൽ സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ഊന്നിപ്പറഞ്ഞു. അറബ് രാജ്യങ്ങൾക്കിടയിലുള്ള വിനോദസഞ്ചാരം വർധിപ്പിക്കുന്നതിന് നിയമങ്ങളിലും യാത്ര സൗകര്യങ്ങളിലും കൂടുതൽ ഏകോപനം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു”.
ബഹ്റൈന്റെ 2022-2026 ടൂറിസം സ്ട്രാറ്റജിയുടെ ഭാഗമായി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലക്ക് വലിയ കുതിപ്പാണ് നൽകുന്നത്. ഈ വർഷം മനാമയെ 'ഗൾഫ് ടൂറിസം തലസ്ഥാനമായി' തിരഞ്ഞെടുത്തത് ഈ നേട്ടത്തിന്റെ മറ്റൊരു നാഴികക്കല്ലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.