മനാമ: ബഹ്റൈനിൽ വിദേശ നിക്ഷേപകരോ പങ്കാളികളോ ഉള്ള കമ്പനികൾക്ക് 30,000 ബഹ്റൈനി ദീനാർ ബാങ്ക് ഗ്യാരന്റി നിർബന്ധമാക്കുന്ന വാണിജ്യ കമ്പനി നിയമത്തിലെ ഭേദഗതിക്ക് പാർലമെന്റ് അംഗീകാരം.
പ്രാദേശിക വിപണിയെ സംരക്ഷിക്കാനും സുരക്ഷിതരായ നിക്ഷേപകർ മാത്രം രാജ്യത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഈ നീക്കം. വിദേശ പങ്കാളികളുള്ള കമ്പനികൾ ബഹ്റൈനിലെ ലൈസൻസുള്ള ബാങ്ക് വഴി 30,000 ദീനാറിന്റെ ഈട് വാണിജ്യ മന്ത്രാലയത്തിൽ സമർപ്പിക്കണം.
കമ്പനി നിലനിൽക്കുന്ന കാലത്തോളം ഈ ഗ്യാരന്റിക്ക് സാധുതയുണ്ടാകണം. വിദേശ നിക്ഷേപകന് 30,000 ദീനാർ ഗ്യാരന്റി നൽകാൻ സാധിക്കുന്നില്ലെങ്കിൽ അവർ എന്തിന് ഇവിടെ നിക്ഷേപം നടത്തണം എന്ന് സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് ഖരാത്ത ചോദിച്ചു. നിക്ഷേപത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്ന് അനുകൂലിച്ച എം.പിമാരും വാദിച്ചു.
എന്നാൽ, നിയമഭേദഗതിയെ സർക്കാർ തത്വത്തിൽ അനുകൂലിക്കുന്നുണ്ടെങ്കിലും ഇത് ദോഷകരമായി ബാധിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു മുന്നറിയിപ്പ് നൽകി. ബഹ്റൈനിൽ 18,000ത്തിലധികം കമ്പനികൾ സ്വദേശികളും വിദേശികളും ചേർന്നുള്ള പങ്കാളിത്തത്തിലുള്ളതാണ്. പുതിയ നിയമം വിദേശ നിക്ഷേപകരെ മാത്രമല്ല, അവരുടെ കൂടെയുള്ള സ്വദേശി പങ്കാളികളെയും സാമ്പത്തികമായി ബാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നിക്ഷേപ സംരക്ഷണത്തിനായി ബഹ്റൈൻ 40ലധികം അന്താരാഷ്ട്ര കരാറുകളിൽ ഒപ്പിട്ടിട്ടുണ്ട്. വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന നയങ്ങളെ ഇത്തരം കർശനമായ സാമ്പത്തിക ബാധ്യതകൾ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
നിയമഭേദഗതി ഇനി ഉപരിസഭയായ ശൂറാ കൗൺസിലിന്റെ പരിഗണനക്ക് അയക്കും. അവിടെ കൂടി അംഗീകാരം ലഭിച്ചാൽ മാത്രമേ ഇത് നിയമമായി മാറൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.