മനാമ: സി.ഇ.ഒ വേൾഡ് മാഗസിൻ പുറത്തിറക്കിയ 2025ലെ ആരോഗ്യസംരക്ഷണ സൂചികയിൽ ബഹ്റൈൻ അറബ് ലോകത്ത് അഞ്ചാം സ്ഥാനവും ആഗോളതലത്തിൽ 54ാം സ്ഥാനവും നേടി. 38.48 പോയന്റാണ് ബഹ്റൈൻ കരസ്ഥമാക്കിയത്.
അറബ് രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്തും (ആഗോള തലത്തിൽ 17ാം സ്ഥാനം), സൗദി അറേബ്യ രണ്ടാം സ്ഥാനത്തും (ആഗോള തലത്തിൽ 37ാം സ്ഥാനം), തുനീഷ്യ മൂന്നാം സ്ഥാനത്തും (ആഗോള തലത്തിൽ 49ാം സ്ഥാനം), ലബനാൻ നാലാം സ്ഥാനത്തും (ആഗോള തലത്തിൽ 50-ാം സ്ഥാനം) എത്തി.
ഈ സൂചികയിൽ ജോർഡൻ (അറബ് ലോകത്ത് 6-ാം സ്ഥാനം, ആഗോള തലത്തിൽ 56ാം സ്ഥാനം), ഒമാൻ (അറബ് ലോകത്ത് 7ാം സ്ഥാനം, ആഗോള തലത്തിൽ 66-ാം സ്ഥാനം) എന്നീ രാജ്യങ്ങളെക്കാൾ മുന്നിലാണ് ബഹ്റൈൻ.
കുവൈത്ത്, മൊറോക്കോ, ഖത്തർ, അൽജീരിയ, ഇറാഖ്, ഈജിപ്ത്, സുഡാൻ, ലിബിയ എന്നീ രാജ്യങ്ങൾ പട്ടികയിൽ താഴെ സ്ഥാനങ്ങളിലാണ്. മരുന്നുകളുടെ ലഭ്യത, അതിന്റെ വില, മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും മേഖലയെ പിന്തുണക്കുന്നതിൽ സർക്കാറിന്റെ സന്നദ്ധത എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയാറാക്കിയിരിക്കുന്നത്. സൂചകങ്ങളിൽ പല പ്രാദേശികരാജ്യങ്ങളെ അപേക്ഷിച്ച് ബഹ്റൈൻ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.
മെഡിക്കൽ മേഖലയിലെ ബഹ്റൈന്റെ നിലവിലുള്ള നിക്ഷേപങ്ങളെ ഈ റാങ്കിങ് പ്രതിഫലിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ഇത് രാജ്യത്തിന്റെ പ്രശസ്തി വർധിപ്പിക്കാനും കൂടുതൽ ആരോഗ്യപദ്ധതികളെയും നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കൂടാതെ, പൗരന്മാർക്കും താമസക്കാർക്കും സമഗ്രമായ പരിചരണം നൽകുന്നതിനായി ആരോഗ്യസംരക്ഷണ അടിസ്ഥാനസൗകര്യങ്ങളിലും വിദഗ്ധരായ ഉദ്യോഗസ്ഥരിലും തുടർവികസനം ആവശ്യമാണെന്നും ഈ വിലയിരുത്തൽ എടുത്തുകാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.