മനാമ: കിങ് ഫഹദ് കോസ്വേ വഴി യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ അതിവേഗ ഇന്റർനെറ്റ് സൗജന്യമായി ആസ്വദിക്കാം. യാത്രക്കാരുടെ അനുഭവം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി കോസ്വേയിലെ ഡിപ്പാർച്ചർ പ്രോസസിങ് ഏരിയകളിൽ സൗജന്യ വൈ-ഫൈ സൗകര്യം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് അതിർത്തി കടക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്ന സമയത്ത് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനും, യാത്രാ സംബന്ധമായ വിവരങ്ങൾ പരിശോധിക്കാനും ജോലി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനും ഈ സേവനം ഏറെ സഹായകരമാകും.
വിനിമയ കേന്ദ്രങ്ങളിലെ പുറപ്പെടൽ വിഭാഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ഇടങ്ങളിലും വൈ-ഫൈ ലഭ്യമാണ്. യാത്രക്കാർക്ക് തടസ്സമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കുകയും യാത്ര കൂടുതൽ ആധുനികവും സൗകര്യപ്രദവുമാക്കുക എന്നതുമാണ് ലക്ഷ്യം. വിനോദസഞ്ചാരികൾക്കും നിത്യേന യാത്ര ചെയ്യുന്നവർക്കും ബിസിനസ് യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും.
ലോകത്തിലെതന്നെ തിരക്കേറിയ അതിർത്തികളിൽ ഒന്നായ കിങ് ഫഹദ് കോസ്വേയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. കോസ്വേ അതോറിറ്റിയുടെ ഈ നീക്കത്തെ യാത്രക്കാർ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.