മനാമ: അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ 90 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായിട്ടും ബഹ്റൈനിൽ 2025ൽ ഭക്ഷ്യവിലയിൽ താരതമ്യേന സ്ഥിരത നിലനിർത്താൻ കഴിഞ്ഞതായി ഏറ്റവും പുതിയ സാമ്പത്തികവിവരങ്ങൾ സൂചിപ്പിക്കുന്നു. ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും ബഹ്റൈൻ കാണിച്ച സ്ഥിരത ശ്രദ്ധേയമാണ്. ട്രേഡിങ് ഇക്കണോമിക്സിന്റെ കണക്കുകൾ പ്രകാരം, 2025 സെപ്റ്റംബറിൽ ബഹ്റൈനിലെ ഭക്ഷ്യവിലപ്പെരുപ്പനിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് 0.60 ശതമാനം കുറഞ്ഞു.
ഭക്ഷണം, മദ്യം ഇതര പാനീയങ്ങൾ എന്നിവയുടെ വിലയിൽ 2025 മാർച്ചിൽ 1.7 ശതമാനം കുറവുണ്ടായി. 2025 ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ ഭക്ഷ്യവിലയുടെ പൊതുനില ഏകദേശം 1.6 ശതമാനം താഴ്ന്നു. വിശാലമായ സാമ്പത്തികരംഗത്ത്, 2024 നവംബറിൽ മൊത്തത്തിലുള്ള പണപ്പെരുപ്പം ഏകദേശം 0.4 ശതമാനമായിരുന്നു. ഭക്ഷണത്തിന്റെയും മദ്യം ഇതരപാനീയങ്ങളുടെയും വിലയിൽ രണ്ട് ശതമാനം കുറവുണ്ടായതും സർക്കാർ നടപ്പാക്കിയ വില നിയന്ത്രണ, മാർക്കറ്റ് മേൽനോട്ട നടപടികളുമാണ് ഈ സ്ഥിരതക്ക് കാരണമായത്.
ആഗോള ഭക്ഷ്യവിലയിലെ മാറ്റങ്ങളിൽനിന്ന് ആഭ്യന്തരവിപണിയെ ഭാഗികമായി സംരക്ഷിച്ചുനിർത്തിയത് സർക്കാർ നടപടികളാണെന്ന് ബഹ്റൈനിലെ വ്യാപാരികൾ അഭിപ്രായപ്പെടുന്നു. 94ൽ അധികം അടിസ്ഥാന സാധനങ്ങളെ മൂല്യവർധിത നികുതിയിൽ (വാറ്റ്) നിന്ന് ഒഴിവാക്കിയത് വിലകൾ നിയന്ത്രിച്ച് നിർത്താനും കുടുംബങ്ങളുടെ വാങ്ങൽശേഷി നിലനിർത്താനും സഹായിച്ചു. കൂടാതെ പ്രാദേശിക സൂപ്പർമാർക്കറ്റുകളിലെ സീസണൽ ഓഫറുകളും വില കുറക്കുന്നതിൽ പങ്കുവഹിച്ചു. ബഹ്റൈന്റെ ഭക്ഷ്യവില ആഗോളവിപണിയിലെ വിലകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആഗോള ഭക്ഷ്യവില സൂചിക 2025 ഫെബ്രുവരിയിൽ 8.2 ശതമാനം ഉയർന്നെങ്കിലും ധാന്യങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത വർധിച്ചതിനെ തുടർന്ന് ഒക്ടോബറിൽ ഇത് 1.6 ശതമാനം കുറഞ്ഞു. ഇത്തരം ആഗോളവിപണിയിലെ ചലനങ്ങൾ ബഹ്റൈനിലേക്കും എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.