മനാമ: ബഹ്റൈനിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ തീയതി തിരുത്തി വിപണിയിൽ വിൽപന നടത്തിയ സംഭവത്തിൽ അഞ്ചുപേരെ പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തു. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ ശേഖരിച്ച് അവയിലെ യഥാർഥ തീയതികൾ മായ്ച്ച് പുതിയ തീയതികൾ പതിപ്പിച്ചു വിൽപന നടത്തിയ സംഘമാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വാണിജ്യ സ്ഥാപനങ്ങളും ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഒരു താമസസ്ഥലവും അധികൃതർ സീൽ ചെയ്തു.
തലസ്ഥാന നഗരമായ മനാമയിൽ ഒരു ഏഷ്യൻ സ്വദേശി തന്റെ റൂംമേറ്റിനെതിരെ നൽകിയ പരാതിയാണ് വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. താമസസ്ഥലത്ത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നും അവയുടെ തീയതികൾ മാറ്റുന്നത് നേരിട്ട് കണ്ടതായും ഇയാൾ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ കേടായതും കാലാവധി കഴിഞ്ഞതുമായ വൻതോതിലുള്ള ഭക്ഷണസാധനങ്ങൾ കണ്ടെടുത്തു. പാക്കറ്റുകളിലെ യഥാർഥ എക്സ്പയറി തീയതികൾ നീക്കം ചെയ്ത് വ്യാജ ലേബലുകൾ ഒട്ടിച്ച നിലയിലാണ്. പ്രമുഖ വിദേശ കമ്പനികളുടെ പേരിൽ വ്യാജ പാക്കറ്റുകൾ നിർമിച്ച് ഉൽപന്നങ്ങൾ റീപാക്ക് ചെയ്തിട്ടുമുണ്ട്.
കൂടാതെ, ശുചീകരണ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയുടെ മറവിലും കാലാവധി കഴിഞ്ഞ സാധനങ്ങൾ വിപണിയിലെത്തിച്ചു.ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം കാണിക്കുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ്.
ഇത്തരം നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പിടിക്കപ്പെട്ട അഞ്ചുപേരെയും ചോദ്യം ചെയ്ത ശേഷം കൂടുതൽ അന്വേഷണത്തിനായി റിമാൻഡ് ചെയ്തു. വിപണിയിൽ സമാനമായ രീതിയിൽ വ്യാജ ഉൽപന്നങ്ങൾ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വ്യവസായ വാണിജ്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതോടെ പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.