മനാമ: ബഹ്റൈനിൽ ആദ്യ വാനരവസൂരി കേസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്തിടെ വിദേശത്തുനിന്ന് ബഹ്റൈനിൽ എത്തിയ 29കാരനായ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐസൊലേഷനിലേക്ക് മാറ്റിയ രോഗിക്ക് ആവശ്യമായ ചികിത്സ നൽകി വരുന്നതായും മന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വാനരവസൂരിക്കെതിരെ ആഗോള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനും പരിശോധനക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

വാനര വസൂരി: മുൻകരുതൽ നേരത്തേ തുടങ്ങി

മനാമ: വാനര വസൂരിക്കെതിരായ മുൻകരുതൽ മാസങ്ങൾക്കു മുമ്പുതന്നെ ബഹ്റൈനിൽ സ്വീകരിച്ചതായി ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധൻ ലഫ്. കേണൽ ഡോ. മനാഫ് അൽ ഖത്താനി പറഞ്ഞു. രാജ്യത്ത് ആദ്യത്തെ വാനര വസൂരി കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റു രാജ്യങ്ങളിൽ രോഗം കണ്ടെത്തിയപ്പോൾതന്നെ ബഹ്റൈനിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

രോഗം പകരുന്ന രീതികളെക്കുറിച്ച് ആരോഗ്യ പ്രവർത്തകർക്ക് വ്യക്തമായ അവബോധം നൽകുകയാണ് ആദ്യം ചെയ്തത്. സംശയമുള്ള കേസുകൾ ജനാരോഗ്യ വിഭാഗത്തിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിന് സംവിധാനമുണ്ടാക്കി. സാമ്പിൾ പരിശോധന, സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തൽ, പ്രതിരോധ കുത്തിവെപ്പ് എന്നിവക്കും വ്യക്തമായ മാർഗനിർദേശങ്ങൾ നൽകി. രോഗം പകരുന്നത് തടയാൻ സംവിധാനങ്ങൾ സജ്ജമായ സാഹചര്യത്തിൽ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം പിടിപെട്ടാൽ 21 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാക്കാൻ കഴിഞ്ഞ ജൂലൈയിൽ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്ന വ്യക്തിയുടെ സാമ്പിൾ പരിശോധനക്ക് എടുക്കുന്ന ദിവസം മുതൽ ഐസൊലേഷൻ ആരംഭിക്കും. ഇവർക്ക് ആവശ്യമായ ചികിത്സകളും നൽകും.

രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി സംശയിക്കുന്ന വ്യക്തികൾക്കും ഐസൊലേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ആവശ്യാനുസരണം ഐസൊലേഷൻ കാലയളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നതാണ്. രോഗം സ്ഥിരീകരിച്ചാൽ ബി അവെയർ മൊബൈൽ ആപ്പിലൂടെ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. ആപ് വഴി രോഗിയെ നിരീക്ഷിക്കുകയും ചെയ്യും. നിർദേശങ്ങൾ ലംഘിച്ചാൽ മൂന്നു മാസത്തിൽ കുറയാത്ത തടവുശിക്ഷയോ 1000 ദീനാറിനും 10,000 ദീനാറിനും ഇടയിൽ പിഴയോ രണ്ടുംകൂടിയോ ലഭിക്കുന്നതാണ്. പ്രധാനമായും വ്യക്തികൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വാനര വസൂരി പകരുന്നത്. രോഗി ഉപയോഗിച്ച പുതപ്പ്, ടവൽ തുടങ്ങിയ വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.

Tags:    
News Summary - First case of monkey pox in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.