ബഹ്റൈനിൽ സന്ദർശനത്തിനെത്തുന്ന കേരള മുഖ്യമന്ത്രിക്ക് സ്വാഗതം. അതോടൊപ്പം പ്രവാസികൾക്ക് ആവശ്യമായ ചില കാര്യങ്ങൾ കൂടി ഈയവസരത്തിൽ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുകയാണ്. പ്രവാസി പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിലെ അമിതമായ കാലതാമസത്തിനെതിരെ പ്രവാസി സമൂഹത്തിൽനിന്നും ശക്തമായ വിമർശനമുണ്ട്. എല്ലാ വിവരങ്ങളും നൽകിയിട്ടും അപേക്ഷകളിലെ തിരുത്തലുകൾ അപേക്ഷകരെ കൃത്യ സമയത്ത് അറിയിക്കാൻ പ്രവാസി വെൽഫെയർ ബോർഡിന് സാധിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ഇതുകാരണം പല അപേക്ഷകൾക്കും ഏഴും എട്ടും മാസം കാത്തിരിക്കേണ്ടിവരുന്നതായും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയും ഓൺലൈൻ ഷോപ്പുകൾ വഴിയുമാണ് ഭൂരിഭാഗം പ്രവാസികളും പെൻഷന് അപേക്ഷിക്കുന്നത്. അപേക്ഷയിൽ തിരുത്തലുകൾ ഉണ്ടായാൽ അപേക്ഷകരെ നേരിട്ട് അറിയിക്കാൻ വെൽഫെയർ ബോർഡ് സംവിധാനം ഒരുക്കാത്തത് പ്രശ്നം വഷളാക്കുന്നുണ്ട്. നോർക്കയുടെ വിവിധ സഹായങ്ങൾ ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, മറ്റ് പ്രവാസി ക്ഷേമനിധി വിഷയങ്ങളിൽ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾക്കും താഴെ നൽകിയിരിക്കുന്ന പ്രവാസികളുടെ ചില ആവശ്യങ്ങളിലേക്കും സംസ്ഥാന സർക്കാറിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുകയാണ്.
പ്രവാസികളുടെ പ്രധാന ആവശ്യങ്ങൾ
- പ്രവാസി പെൻഷൻ അപേക്ഷകളിലെ തിരുത്തലുകൾ മെയിൽ, കോൾ, ലെറ്റർ എന്നിവ വഴി നേരിട്ട് അപേക്ഷകനെ അറിയിക്കാൻ വെൽഫെയർ ബോർഡ് ബാധ്യസ്ഥത കാണിക്കണം.
- മുഖ്യമന്ത്രി മുമ്പ് പ്രഖ്യാപിച്ചതുപോലെ പ്രവാസി പെൻഷൻ തുക 5000 രൂപയായി ഉയർത്തുക.
- പ്രവാസി പെൻഷൻ എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ വിതരണം ഉറപ്പാക്കണം.
- നോർക്ക വഴി ലഭിക്കുന്ന എല്ലാ സഹായങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണം.
- നോർക്കയുടെ മരണാനന്തര സഹായം പരമാവധി രണ്ടു ലക്ഷം ആയി ഉയർത്താൻ നടപടി സ്വീകരിക്കുക.
- തിരിച്ചെത്തിയ പ്രവാസികളെയും ‘നോർക്ക കെയർ ഇൻഷുറൻസ്’ പദ്ധതിയിൽ ഉൾപ്പെടുത്തുക.
- കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ പാർട്ട് ടൈം ജോലികൾക്ക് പരമാവധി തിരിച്ചെത്തിയ പ്രവാസികളെ പരിഗണിക്കുക.
- പ്രവാസികളുടെ റേഷൻ അരി വിതരണവുമായി ബന്ധപ്പെട്ട നിലവിലെ മാനദണ്ഡങ്ങൾ പുനഃപരിശോധിച്ച് അനുകൂലമായ തീരുമാനം എടുക്കുക.
- ലോക കേരളസഭയിലേക്ക് അംഗങ്ങളെ നിയമിക്കുമ്പോൾ രാഷ്ട്രീയപരമായ പരിഗണനകൾ ഒഴിവാക്കി, പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്ന സാധാരണ പ്രവാസികളെയും ഉൾപ്പെടുത്തുക.
- നോർക്ക ബോർഡ്, പ്രവാസി വെൽഫെയർ ബോർഡ് തുടങ്ങിയവയിൽ തിരിച്ചെത്തിയ യോഗ്യരായ പ്രവാസികളെയും ഉൾപ്പെടുത്തി ഭരണപരമായ പങ്കാളിത്തം ഉറപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.