മനാമ: ബഹ്റൈനിൽ വിവാഹമോചന കേസുകളുടെ എണ്ണം ആശങ്കയുണർത്തുന്ന തലത്തിലേക്ക് ഉയരുന്നതായി പാർലമെന്റിൽ റിപ്പോർട്ട്. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകൾ ഉദ്ധരിച്ച് എം.പി. ജലാൽ ഖാദിം സഭയെ അറിയിച്ചത് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്ത് 20,000ത്തിലധികം വിവാഹമോചനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബഹ്റൈനികൾക്കിടയിൽ 5,284 വിവാഹമോചന കേസുകൾ ശരീഅത്ത് കോടതികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് പ്രതിദിനം ശരാശരി അഞ്ച് വിവാഹമോചനങ്ങൾ, അല്ലെങ്കിൽ ഏതാണ്ട് അഞ്ച് മണിക്കൂറിൽ ഒന്ന് എന്ന നിരക്കിലാണ്. അതേസമയം പ്രതിദിനം 12 വിവാഹങ്ങളാണ് ഇവിടെ നടക്കുന്നത്.
പ്രതിദിനം നടക്കുന്ന വിവാഹങ്ങളുടെ ഏകദേശം പകുതിയോളം വേർപിരിയലിൽ അവസാനിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ഇത് സമൂഹത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാണെന്നും എം.പി. ഖാദിം മുന്നറിയിപ്പ് നൽകി.
ഈ കാലയളവിൽ രേഖപ്പെടുത്തിയ വിവാഹമോചനങ്ങളിൽ 94% കേസുകളും കുട്ടികളുള്ള കുടുംബങ്ങളുടെതാണ്. ഇത് കുട്ടികളിൽ സാമൂഹികവും മാനസികവുമായ സമ്മർദവും വർധിപ്പിക്കുന്നുണ്ട്. വിവാഹമോചിതരായ സ്ത്രീകൾക്ക് ഭവനം, ജീവിതച്ചെലവ്, സാമൂഹിക സുരക്ഷ അലവൻസുകൾ എന്നിവക്കായി രാജ്യം പ്രതിവർഷം ഏകദേശം 66 ദശലക്ഷം ബഹ്റൈൻ ദീനാർ ചെലവഴിക്കുന്നതായി എം.പി. ചൂണ്ടിക്കാട്ടി. ഭവന അപേക്ഷകളിൽ വലിയൊരു പങ്കും വിവാഹമോചനം കാരണം വേർപിരിഞ്ഞ കുടുംബങ്ങളിൽ നിന്നാണ് വരുന്നത്. മിക്ക തർക്കങ്ങളും ഒത്തുതീർപ്പിലെത്താതെ അവസാനിക്കുന്ന ഈ പ്രവണത, ഏഴ് ലക്ഷത്തോളം ജനസംഖ്യയുള്ള ഒരു രാജ്യത്ത് ആശങ്കയുണ്ടാക്കുന്ന സൂചനയാണ്.വിവാഹമോചനത്തിന്റെ ഫലമായി കുട്ടികളിലുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ്, സുപ്രീം കൗൺസിൽ ഫോർ വിമൻ, സാമൂഹിക വികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരെ ഉൾപ്പെടുത്തി ഒരു സംയുക്ത സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.