മനാമ: രാജ്യത്തെ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണായക നിയമനിർമാണത്തിനൊരുങ്ങി ബഹ്റൈൻ ശൂറ കൗൺസിൽ. 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങുന്നത് നിരോധിക്കുന്ന പുതിയ ബിൽ കൗൺസിൽ ചർച്ചക്കെടുക്കും. 2012ലെ 37ാം നമ്പർ നിയമമായ ‘കുട്ടികളുടെ നിയമത്തിൽ’ പുതിയൊരു അധ്യായം കൂട്ടിച്ചേർത്തുകൊണ്ടാണ് ഈ ഭേദഗതി കൊണ്ടുവരുക.
15 വയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉൾപ്പെടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങാൻ അനുമതി ഉണ്ടായിരിക്കില്ല, 15 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാർക്ക് അക്കൗണ്ടുകൾ ഉപയോഗിക്കാമെങ്കിലും, അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും ദോഷകരമായ ഉള്ളടക്കങ്ങളിൽനിന്ന് അകറ്റി നിർത്തുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും, പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ സേവനങ്ങൾക്ക് ഈ നിരോധനം ബാധകമല്ല.
ഏതെല്ലാം പ്ലാറ്റ്ഫോമുകൾ ഈ പരിധിയിൽ വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കും എന്നിവയാണ് നിയമത്തിൽ കൊണ്ടുവരുന്ന പ്രധാന നിർദേശങ്ങൾ. സമൂഹമാധ്യമം വഴിയുള്ള ചൂഷണം, സ്വകാര്യത ലംഘനം, കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ എന്നിവയിൽനിന്ന് സംരക്ഷണം നൽകുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ശൂറ കൗൺസിൽ രണ്ടാം ഡെപ്യൂട്ടി ചെയർപേഴ്സൻ ഡോ. ജിഹാദ് അൽ ഫദൽ ഉൾപ്പെടെ ഉന്നതതല സംഘമാണ് ഈ ഭേദഗതി സമർപ്പിച്ചത്. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ആയിരിക്കും ഇന്റർനെറ്റ് സേവന ദാതാക്കൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുക.
ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനുള്ള രീതികളും നിയമലംഘനം നടത്തുന്നവർക്കെതിരെയുള്ള ശിക്ഷാ നടപടികളും പ്രത്യേകമായി നിശ്ചയിക്കും.
വിദേശ രാജ്യങ്ങളിലെ സമാനമായ നിയമങ്ങൾകൂടി കണക്കിലെടുത്താണ് രാജ്യം ഇത്തരമൊരു സുരക്ഷാനടപടിയിലേക്ക് നീങ്ങുന്നത്. വരും ദിവസങ്ങളിൽ ശൂറ കൗൺസിലിൽ ഈ ബില്ലിന്മേൽ വിശദമായ ചർച്ചകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.