മനാമ: രാജ്യത്തെ പ്രധാന റോഡുകളിലും ഹൈവേകളിലും ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന നിർദേശത്തിൽ നാളെ ബഹ്റൈൻ പാർലമെന്റിൽ നിർണായക ചർച്ച നടക്കും. ബദർ അൽ തമീമി ഉൾപ്പെടെ അഞ്ച് എം.പിമാരാണ് ഈ ആവശ്യമുന്നയിച്ച് സർക്കാറിനെ സമീപിച്ചത്.
ഡെലിവറി ബൈക്കുകൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതും ഹൈവേകളിലെ വേഗമേറിയ ട്രാക്കുകളിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിക്കുന്നതും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. കുവൈത്തിലെ മാതൃക പിന്തുടർന്ന് നിരോധനം നടപ്പാക്കിയാൽ അപകടങ്ങൾ കുറക്കാൻ കഴിയുമെന്നാണ് എം.പിമാരുടെ വാദം.
എന്നിരുന്നാലും, ഈ നിർദേശം തള്ളിക്കളയണമെന്നാണ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി പാർലമെന്റിനോട് ശിപാർശ ചെയ്തിരിക്കുന്നത്.
പ്രധാന റോഡുകളിൽ നിരോധനം ഏർപ്പെടുത്തിയാൽ ഡെലിവറി ബൈക്കുകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലെ ചെറിയ റോഡുകളിലേക്ക് പ്രവേശിക്കുമെന്നും ഇത് അവിടങ്ങളിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ബൈക്കുകൾക്ക് നിരോധനം വന്നാൽ ഡെലിവറി കമ്പനികൾ ബദലായി കാറുകളെ ആശ്രയിക്കാൻ തുടങ്ങുമെന്നും ഇത് റോഡുകളിലെ വാഹനങ്ങളുടെ തിരക്ക് ഇരട്ടിയാക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ ശരിവെച്ചിട്ടുണ്ട്. ബഹ്റൈനിലെ റോഡ് ശൃംഖല ഒന്നിലൊന്ന് ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും പ്രധാന റോഡുകൾ ഒഴിവാക്കി പല സ്ഥലങ്ങളിലും എത്തുക പ്രായോഗികമല്ലെന്നും അധികൃതർ അറിയിച്ചു.
നിലവിൽ നിയമലംഘനം നടത്തുന്ന ബൈക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്. കണക്കുകൾ പ്രകാരം 2022 മുതൽ 2025 ഫെബ്രുവരി വരെ 1,005 ഡെലിവറി ബൈക്കുകൾ ട്രാഫിക് നിയമലംഘനത്തിന് പിടിച്ചെടുത്തിട്ടുണ്ട്.
റോഡുകളിലെ അപകടകരമായ ഡ്രൈവിങ്ങും മറ്റ് നിയമലംഘനങ്ങളും കണ്ടെത്താൻ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 500 സ്മാർട്ട് കാമറകൾ സ്ഥാപിക്കുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്. ഈ കാമറകൾ വഴി ട്രാഫിക് നിരീക്ഷണം ശക്തമാക്കുന്നതോടെ അപകടങ്ങൾ കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ നടക്കുന്ന പാർലമെന്റ് ചർച്ചക്ക് ശേഷമായിരിക്കും ഈ നിരോധന പ്രമേയത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.