മനാമ: ബഹ്റൈൻ കാർഷിക മേഖലക്ക് കരുത്തുപകരുന്ന ബുദയ്യയിലെ കർഷകച്ചന്ത ഏഴാം വാരത്തിലും വൻ ജനപങ്കാളിത്തത്തോടെ സജീവമായി. ബൊട്ടാണിക്കൽ ഗാർഡനിൽ ഓരോ ശനിയാഴ്ചയും നടക്കുന്ന വിപണിയിൽ നാടൻ പച്ചക്കറികളും കാർഷിക ഉൽപന്നങ്ങളും വാങ്ങാൻ നൂറുകണക്കിന് സ്വദേശികളും പ്രവാസികളുമാണ് എത്തിയത്. രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ നീണ്ടുനിൽക്കുന്ന ചന്ത ബഹ്റൈനിലെ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുള്ള പ്രധാന വേദിയായി മാറിയിരിക്കുകയാണ്.
പുതുമയുള്ള കാർഷിക ഉൽപന്നങ്ങൾക്ക് പുറമെ കുടുംബങ്ങൾക്കായി നിരവധി വിനോദ-പഠന പരിപാടികളും വിപണിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
കുട്ടികൾക്കായി സംഘടിപ്പിച്ച ‘പ്ലാന്റ് ഇൻ എ ജാർ’ വർക്ക് ഷോപ്പ്, പൂക്കൾ ക്രമീകരിക്കുന്ന സെഷനുകൾ, ‘ലിറ്റിൽ ഫാർമേഴ്സ്’ കൃഷി പരിശീലനം എന്നിവ ശ്രദ്ധേയമായി. മൃഗങ്ങളെ അടുത്തറിയാൻ ഒരുക്കിയ പ്രത്യേക സൗകര്യത്തിൽ കുട്ടികൾക്ക് കോഴികൾക്കും ആടുകൾക്കുമൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിച്ചു.
ഇത് ഒരു ഷോപ്പിങ് അനുഭവത്തിനപ്പുറം സന്ദർശകർക്ക് മികച്ചൊരു ഔട്ട്ഡോർ വിനോദം കൂടി സമ്മാനിക്കുന്നു. നാടൻ ഉൽപന്നങ്ങൾക്ക് വിപണിയിൽ ലഭിക്കുന്ന കുറഞ്ഞ വിലയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന മറ്റൊരു ഘടകം.
കിലോക്ക് 500 ഫിൽസ് നിരക്കിൽ വെള്ളരിക്കയും 1.5 ദിനാറിന് ചെറി തക്കാളിയും 500 ഫിൽസിന് കോളിഫ്ലവറും ലഭ്യമായിരുന്നു. പച്ചക്കറികൾക്ക് പുറമെ 'ബൂ ഹിലാൽ' ഒരുക്കിയ ബഹ്റൈനി കുട്ടകൾ ഉൾപ്പെടെയുള്ള കരകൗശല വസ്തുക്കളും വിപണിയിൽ പ്രദർശിപ്പിച്ചു. 10 മുതൽ 12 ദിനാർവരെയായിരുന്നു ഇവയുടെ വില. പ്രാദേശിക കരകൗശല വിദഗ്ധരെയും ചെറുകിട സംരംഭകരെയും പിന്തുണക്കാൻ ഇത്തരം പ്രദർശനങ്ങൾ വഴിയൊരുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.