ബ്രേവ് കോംബാറ്റ് ഫെഡറേഷൻ 100ാം ഇവന്റിൽനിന്ന്
മനാമ: മിഡിൽ ഈസ്റ്റിലെ ഏക ആഗോള എം.എം.എ സംഘടനയായ ബ്രേവ് കോംബാറ്റ് ഫെഡറേഷൻ 100ാം ഇവന്റ് ബഹ്റൈനിലെ ഖലീഫ സ്പോർട്സ് സിറ്റിയിൽ വെള്ളിയാഴ്ച രാത്രി ആഘോഷിച്ചു. 2016ൽ രാജ്യത്ത് ആരംഭിച്ച ഫെഡറേഷന് അഭിമാനകരമായ നിമിഷമായിരുന്നു ഈ നൂറാം ഷോ. എട്ട് മത്സരങ്ങൾ ഉൾപ്പെട്ട ആക്ഷൻ നിറഞ്ഞ ഈ രാത്രിയിൽ ആവേശകരമായ ഫലങ്ങളാണ് പിറന്നത്. എട്ട് മത്സരങ്ങളാണ് കഴിഞ്ഞദിവസം മാത്രം അരങ്ങേറിയത്. രണ്ട് ടൈറ്റിൽ പോരാട്ടങ്ങൾ ഉൾപ്പെടെയുള്ള പോരാട്ടം ആരാധകർക്ക് ആവേശം നൽകി.
മത്സരത്തിൽ ബഹ്റൈൻ താരം ഹംസ കൂഹെജിയെ പരാജയപ്പെടുത്തി സെർബിയൻ താരം ബോറിസ്ലാവ് നിക്കോളിച്ച് ബാന്റംവെയ്റ്റ് കിരീടം വിജയകരമായി നിലനിർത്തി. മത്സരത്തിൽ ബോറിസ്ലാവ് ആധിപത്യം സ്ഥാപിക്കുകയും നാലാം റൗണ്ടിൽ നിർണായകമായ ഫിനിഷിലൂടെ വിജയം ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു മത്സരത്തിൽ ജെറാർഡ് ബേൺസിനെ രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തി മുഹമ്മദ് മോക്കയേവ് തന്റെ ആദ്യത്തെ ബ്രേവ് സി.എഫ് ഫ്ലൈവെയ്റ്റ് ചാമ്പ്യനായി കിരീടം നേടി.
ആദ്യവസാനം ആരവമുയർത്തിയ കാണികൾക്ക് മുന്നിൽ ബ്രേവ് സി.എഫ് 100 അവിസ്മരണീയമായ ഒരു രാത്രിയാണ് സമ്മാനിച്ചത്.
ആഗോള മിക്സഡ് മാർഷ്യൽ ആർട്സ് രംഗത്ത് ബഹ്റൈൻ നേടുന്ന സ്വാധീനം ഈ വിജയം ആഘോഷമാക്കി. ബ്രേവ് 100ന്റെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതതാരം ആരതി ഖാത്രി 54 കിലോ വിഭാഗത്തിൽ വിജയം സ്വന്തമാക്കിയിരുന്നു. ബ്രേവ് 101 ലെഗസി II സൂപ്പർ മാച്ച് ഞായറാഴ്ച വൈകീട്ട് ഖലീഫ സ്പോർട്സ് സിറ്റിയിൽ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.