മനാമ: അറേബ്യൻ ഗൾഫ് മേഖലയിലെ പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രമായ ‘ബിഷ്ത്’ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ 20ാം സമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം.
ഖത്തറിന്റെ നേതൃത്വത്തിൽ ഒമ്പത് അറബ് രാജ്യങ്ങൾ സംയുക്തമായി സമർപ്പിച്ച അപേക്ഷയുടെ ഫലമായാണ് ബിഷ്ത് നിർമാണത്തിന്റെ വൈദഗ്ധ്യവും രീതികളും ലോക പൈതൃകമായി അംഗീകരിക്കപ്പെട്ടത്. ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാൻ, ഇറാഖ്, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളാണ് സംയുക്തമായി അപേക്ഷ നൽകിയത്. ഈ കൂട്ടായ ശ്രമം, അറബ് മേഖലയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലുള്ള പൊതുവായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
‘ബിഷ്തി’ന് യുനെസ്കോ അംഗീകാരം ലഭിച്ചതിൽ ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സന്തോഷം പ്രകടിപ്പിച്ചു. ബിഷ്ത് നമ്മുടെ അറബ് രാജ്യങ്ങളുടെ സാംസ്കാരിക സ്വത്വവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇത് നമ്മുടെ മേഖലയുടെ സാംസ്കാരിക സമ്പന്നതയും ദീർഘകാലമായുള്ള പാരമ്പര്യങ്ങളും എടുത്തു കാണിക്കുന്നു. സംയുക്ത അറബ് ശ്രമങ്ങളിലൂടെ, അറബ് നാഗരികതയുടെ സമ്പന്നത ലോകമെമ്പാടും എത്തിക്കാൻ ബഹ്റൈൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ബിഷ്ത്?
അറേബ്യൻ ഗൾഫ് മേഖലയിലും അയൽരാജ്യങ്ങളിലും പുരുഷന്മാർ അണിയുന്ന ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത വസ്ത്രങ്ങളിലൊന്നാണ് ബിഷ്ത്.
ഇത് ഉയർന്ന സാമൂഹിക നില, അന്തസ്സ്, ആദരവ് എന്നിവയുടെ പ്രതീകമാണ്. ഔദ്യോഗിക പരിപാടികൾ, വിവാഹങ്ങൾ, മറ്റ് ആഘോഷങ്ങൾ എന്നിവയിൽ സാധാരണ വസ്ത്രത്തിന് മുകളിൽ ഒരു നീണ്ട പുറംകുപ്പായമായാണ് ഇത് ധരിക്കുന്നത്.
വിദഗ്ധരായ കരകൗശല വിദഗ്ധരാണ് ഇത് നിർമിക്കുന്നത്. നേർത്ത പട്ടുനൂലുകളോ സ്വർണം, വെള്ളി എന്നിവയുടെ പൂശിയ നൂലുകളോ ഉപയോഗിച്ച് കഴുത്തിലും മുൻവശത്തും കൈകൊണ്ട് അതിമനോഹരമായി എംബ്രോയിഡറി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.