മനാമ: ബഹ്റൈനിൽ തൊഴിലന്വേഷകർക്കായി നടപ്പാക്കിവരുന്ന ‘മൂന്ന് തൊഴിൽ അവസരങ്ങൾ’ എന്ന ദേശീയ പദ്ധതി വൻവിജയത്തിലേക്ക്. 2025 അവസാനിക്കുമ്പോൾ 18,600ലധികം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശാനുസരണം ആരംഭിച്ച ദേശീയ തൊഴിൽ പദ്ധതി ലക്ഷ്യത്തോടടുക്കുന്നു. ഇതുവരെ 18,657 സ്വദേശി തൊഴിലന്വേഷകർക്ക് ഈ പദ്ധതിക്ക് കീഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുകയും, അതിൽ 4,746 പൗരന്മാർ വിജയകരമായി വിവിധ തസ്തികകളിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
പദ്ധതി കൃത്യമായ ആസൂത്രണത്തിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് തൊഴിൽ, നിയമകാര്യ മന്ത്രി യൂസുഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫ് പറഞ്ഞു.
സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയിൽനിന്നുള്ള ഔദ്യോഗിക വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നത്. ബഹ്റൈനി യുവാക്കളുടെ കഴിവിലുള്ള വിശ്വാസമാണ് സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തത്തിലൂടെ പ്രകടമാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ സ്വദേശി പൗരന്മാർ പ്രധാന പങ്കാളികളാണെന്ന തിരിച്ചറിവ് പദ്ധതിയുടെ വേഗം വർധിപ്പിക്കുന്നു. കഴിഞ്ഞ മാസങ്ങളിലെ നേട്ടങ്ങൾ കൂടുതൽ വലിയ ലക്ഷ്യങ്ങളിലേക്കുള്ള തുടക്കം മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.
സ്വദേശി പ്രതിഭകളെ ശാക്തീകരിക്കുന്നതിനും തൊഴിൽ വിപണിയെ അവർക്ക് കൂടുതൽ അനുകൂലമാക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.