മനാമ: ബഹ്റൈന്റെ ടൂറിസം വരുമാനം 2024ൽ 12 ശതമാനം വർധിച്ച് ഏകദേശം 3.7 ബില്യൺ കോടി ഡോളറായതായി യു.എൻ ലോക ടൂറിസം ഓർഗനൈസേഷൻ ഡേറ്റ വ്യക്തമാക്കുന്നു. പ്രാദേശികതലത്തിൽ ബഹ്റൈൻ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി സ്ഥിരമായ വളർച്ച നേടുന്നതിന്റെ സൂചനയാണിത്.
ജി.ഡി.പി.യിൽ ടൂറിസത്തിന്റെ പങ്ക് ഉയർത്താനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുമുള്ള ദേശീയതലത്തിലെ ശ്രമങ്ങളെ തുടർന്നാണ് ഈ വർധന. ടൂറിസം മന്ത്രാലയവും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും (ബി.ടി.ഇ.എ) സ്വകാര്യ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വളർച്ച.
പുതിയ ടൂറിസം പദ്ധതികൾ ആരംഭിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിപുലമായ പരിപാടികളുടെയും ഇവൻറുകളുടെയും പട്ടിക വർഷം മുഴുവനും സംഘടിപ്പിച്ച് വിവിധ മാർക്കറ്റുകളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുക തുടങ്ങിയ വിശാലമായ ടൂറിസം സാധ്യതകൾ ഈ വളർച്ചക്ക് സഹായിച്ചു. വിനോദയാത്ര, ഉത്സവങ്ങൾ, കുടുംബയാത്രകൾ, സാംസ്കാരിക, കായികയാത്രകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ ഹോട്ടലുകൾ തുറക്കുകയും ഹോട്ടൽ, ഗതാഗത മേഖലകളിലെ സേവന നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തത് സന്ദർശകരുടെ അനുഭവം ശക്തിപ്പെടുത്തി.
2024ൽ അറബ് മേഖലയിലെ ടൂറിസം വരുമാനം വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത നിലയിലായിരുന്നു. ഏകദേശം 57 ബില്യൺ കോടി ഡോളർ വരുമാനത്തോടെ യു.എ.ഇ മുന്നിട്ട് നിന്നു. ഇത് 2023നെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ്. ഏകദേശം 41 ബില്യൺ കോടി ഡോളർ വരുമാനം രേഖപ്പെടുത്തി സൗദിയാണ് തൊട്ടുതാഴെ. ഹജ്ജ്, ഉംറ തീർഥാടകരുടെ തിരക്കും വിഷൻ 2030മായി ബന്ധപ്പെട്ട വിനോദപദ്ധതികളും ഇതിന് പിന്തുണ നൽകി. സൗദിക്ക് 14 ശതമാനം വളർച്ചയുണ്ടായി.
ബഹ്റൈന്റെ ഈ നേട്ടം ടൂറിസം സ്ട്രാറ്റജി 2022-2026ന് അനുസൃതമാണ്. ഗൾഫ് മേഖലയിലും അതിനപ്പുറവും ബഹ്റൈനെ ഒരു പ്രമുഖ കുടുംബ-വിനോദകേന്ദ്രമായി സ്ഥാപിക്കാനും പ്രധാന നിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഈ തന്ത്രം രൂപവത്കരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രം, സംസ്കാരം, അടുത്തിടെ വികസിപ്പിച്ച ആകർഷണ കേന്ദ്രങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ബഹ്റൈൻ മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.