മനാമ: ബഹ്റൈനിലെ മലിനജല സംസ്കരണത്തിനും ഉപരിതല ജലനിർമാർജനത്തിനും (Surface water drainage) പുതിയ സേവന ഫീസുകൾ നിശ്ചയിച്ചു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം ബിൻ ഹസ്സൻ അൽ ഹവാജ് ആണ് ഉത്തരവിറക്കിയത്.2026 ജനുവരി ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽവരും.
മലിനജല സേവനങ്ങൾക്കായുള്ള പുതിയ ലൈസൻസ് അപേക്ഷകൾക്കും നിലവിലുള്ള ലൈസൻസിലെ നിബന്ധനകളിൽ ഭേദഗതി വരുത്തുന്നതിനും 10 ദീനാർ വീതം ഫീസ് നൽകണം. സ്വദേശികളുടെ ആദ്യത്തെ താമസസ്ഥലത്തെ സേവന ഫീസുകളിൽനിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ജല ഉപഭോഗത്തിന്റെ 20 ശതമാനം തുക മലിനജല നിർമാർജന ഫീസായി ഈടാക്കും. ഒന്നിലധികം അക്കൗണ്ടുകളുള്ള ബഹ്റൈൻ സ്വദേശികൾ, വിദേശികൾ, ഗാർഹികേതര മേഖലകൾ എന്നിവരിൽ നിന്നാണ് ഈ മാലിന്യ നിർമാർജന ഫീസ് ഈടാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ പൊതുമരാമത്ത് അണ്ടർ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനവും സേവനങ്ങളുടെ കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.