മനാമ: വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരത്തിന് ബഹ്റൈനിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് നൽകുന്ന പ്രത്യേക പെർമിറ്റോ സർട്ടിഫിക്കറ്റോ ഇല്ലാതെ ഇത്തരം ജീവികളെയോ സസ്യങ്ങളെയോ അതിർത്തി കടത്തിയുള്ള വ്യാപാരം നടത്തുന്നത് പുതിയ നിയമപ്രകാരം നിരോധിച്ചു. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ ഈസ ആൽ ഖലീഫ ഒപ്പുവെച്ച 2025ലെ 12ാം നമ്പർ തീരുമാനപ്രകാരമാണ് പുതിയ എക്സിക്യൂട്ടിവ് ചട്ടങ്ങൾ നിലവിൽവന്നത്.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരം നടത്താൻ ആഗ്രഹിക്കുന്നവർ കൗൺസിലിന്റെ വെബ്സൈറ്റ് വഴി നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ കൊമേഴ്സ്യൽ രജിസ്ട്രേഷൻ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. നിശ്ചിത ഫീസ് അടച്ച് ആവശ്യകതകൾ പൂർത്തിയാക്കിയാൽ 30 ദിവസത്തിനുള്ളിൽ പെർമിറ്റ് ലഭിക്കും. പ്രത്യേക സാഹചര്യങ്ങളിൽ ഇത് 30 ദിവസം കൂടി നീട്ടാവുന്നതാണ്. കാലാവധിക്കുള്ളിൽ മറുപടി ലഭിക്കാത്ത അപേക്ഷകൾ നിരസിച്ചതായി കണക്കാക്കും.
പൊതുപ്രദർശനങ്ങൾക്കും വാണിജ്യപരമായ വളർത്തലിനും ഉൽപാദനത്തിനും പുതിയ നിയമം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. പ്രദർശനത്തിനായി ഇത്തരം ജീവികളെ ഉപയോഗിക്കുന്നവർ അവയുടെ ജനന-മരണ രജിസ്റ്ററുകൾ, ഉടമസ്ഥാവകാശ രേഖകൾ, വാങ്ങുന്നവരുടെ വിവരങ്ങൾ എന്നിവ കൃത്യമായി സൂക്ഷിക്കണം. കൂടാതെ, ഓരോ ജീവിക്കും പ്രത്യേകം തിരിച്ചറിയൽ നമ്പറുകൾ നൽകേണ്ടതുമുണ്ട്. വാണിജ്യ ആവശ്യത്തിനായി വളർത്തുന്ന കേന്ദ്രങ്ങളിൽ സുരക്ഷാ പ്ലാനുകൾ, വെറ്ററിനറി റെക്കോഡുകൾ, മൃഗക്ഷേമ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന ഉറപ്പ് എന്നിവ നിർബന്ധമാണ്.
സ്ഥിരമായി അതിർത്തി കടന്നുള്ള യാത്രകൾക്കായി ജീവനുള്ള ജീവികൾക്ക് 'ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്' ഏർപ്പെടുത്തിയതാണ് ചട്ടങ്ങളിലെ മറ്റൊരു പ്രധാന വശം. ബഹ്റൈൻ പൗരന്മാർക്കും താമസക്കാർക്കും മാത്രമാണ് ഈ സർട്ടിഫിക്കറ്റിന് അർഹതയുണ്ടായിരിക്കുക. അന്താരാഷ്ട്ര വ്യാപാരം നിരീക്ഷിക്കുന്നതിനായി ഇലക്ട്രോണിക് രജിസ്റ്ററുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ നിയമവിരുദ്ധ വ്യാപാരം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.