ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പം മുഹമ്മദ് ജാസിം
മനാമ: ഒമ്പതാമത് അറബ് റീഡിങ് ചലഞ്ചിൽ ബഹ്റൈനും അഭിമാനനേട്ടം. അഹ്ലിയ പ്രൈവറ്റ് സ്കൂൾ വിദ്യാർഥി മുഹമ്മദ് ജാസിം മുബാറക് രണ്ടാം സ്ഥാനം നേടിയാണ് രാജ്യത്തിന് അഭിമാനമായത്. നേട്ടത്തിൽ മുഹമ്മദ് ജാസിമിനെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ അഭിനന്ദിച്ചു.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന സമാപന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ചടങ്ങിൽ സന്നിഹിതനായിരുന്നു.
ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിൽ നിന്നായി വിവിധ തലങ്ങളിലുള്ള 32 ദശലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വായനമത്സരത്തിൽ പങ്കെടുത്തത്. അറബി ഭാഷാ വൈദഗ്ധ്യം, പ്രത്യേകിച്ച് വായന ശേഷി വികസിപ്പിക്കുന്നതിൽ ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവരിച്ച ഉന്നത നിലവാരമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ അഭിപ്രായപ്പെട്ടു. ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടിയ ശേഷമാണ് മുഹമ്മദ് ജാസിം ഒമ്പതാമത് അറബ് റീഡിങ് ചലഞ്ചിലേക്ക് യോഗ്യത നേടിയത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷന്റെ കീഴിൽ നടന്ന ഈ പ്രധാനപ്പെട്ട ആഗോള വായനാ സംരംഭത്തിൽ, രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ നിന്നായി 137,000ത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. മുഹമ്മദ് ജാസിം മുബാറക്കിന്റെ ഈ നേട്ടം ബഹ്റൈനിലെ യുവതലമുറക്ക് വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.