2023 ജനുവരി 27ന്, ഹിസ് എക്സലൻസി ഡോ. ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽ ഖലീഫയുടെ പെട്ടെന്നുള്ള വിയോഗം പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. ബഹ്റൈൻ പ്രവാസികളോട് നിരന്തര സമ്പർക്കം പുലർത്തുകയും മതസൗഹാർദത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തി 65ാം വയസ്സിൽ നമ്മെ വിട്ടുപിരിഞ്ഞത് ശരിക്കും വേദനജനകമാണ്.
ബഹ്റൈനിലെ പ്രവാസി സമൂഹത്തോട് ചേർന്നുനിന്ന ഡോ. ശൈഖ് ഖാലിദുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് എനിക്ക് ഏറെ അഭിമാനമുണ്ട്. 1995ൽ, എക്സിബിഷൻ റോഡിൽ ഉണ്ടായിരുന്ന ഫ്രഞ്ച് കഫേയിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയതു മുതൽ രണ്ടര പതിറ്റാണ്ടിലേറെക്കാലം അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ പരിചരണത്തിന്റെയും മാർഗനിർദേശങ്ങളുടെയും നിരവധി ഓർമകൾ എനിക്കുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായും വളരെയധികം അടുത്ത ബന്ധം പുലർത്തുന്നതിനാൽ സ്വന്തം സഹോദരനെ നഷ്ടപ്പെട്ടതുപോലെയാണ് തോന്നുന്നത്.
ബഹ്റൈനിലെ അറിയപ്പെടുന്ന ചരിത്രകാരന്മാരിൽ ഒരാളായിരിക്കുമ്പോൾതന്നെ, ബഹ്റൈൻ സർവകലാശാലയിലും തുടർന്ന് 2002 മുതൽ 2014 വരെ ശൂറ കൗൺസിലിലും അംഗമായി. ശൂറ കൗൺസിലിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ കമ്മിറ്റികളുടെ അധ്യക്ഷനായും ഈസ കൾചറൽ സെന്ററിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായും അദ്ദേഹം വിവിധ മേഖലകളിൽ തന്റെ മികവ് തെളിയിച്ചു.
ഡോ. ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽ ഖലീഫ
കിങ് ഹമദ് സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് ആരംഭിക്കുന്നതിനും മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. 2022 നവംബറിൽ ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈനിലേക്കുള്ള സുപ്രധാന സന്ദർശനത്തെ അടയാളപ്പെടുത്തിയ, അൽ അസർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ തയ്യിബ് കൂടി പങ്കെടുത്ത ബഹ്റൈൻ ഡയലോഗ് ഫോറം സംഘടിപ്പിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.
ബഹ്റൈൻ രാജാവിന്റെയും പ്രധാനമന്ത്രിയുടെയും സർക്കാറിന്റെയും മാർഗനിർദേശത്തിൽ, തന്റെ ജീവിതത്തിലുടനീളം, സമർപ്പണമനോഭാവത്തോടെ വിവിധ മേഖലകളിൽ മുന്നിൽനിന്ന് അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ബഹ്റൈന് പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും എന്റെ ആത്മാർഥമായ അനുശോചനം അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.