മനാമ: ഇന്ത്യയിൽനിന്നുള്ള വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ബഹ്റൈനിൽ ജോലി നേടുന്നത് തടയാൻ കർശന നടപടികളുമായി ബഹ്റൈൻ പാർലമെന്റ്. ഇന്ത്യയിൽനിന്നുള്ള അക്കാദമിക് സർട്ടിഫിക്കറ്റുകൾ സൂക്ഷ്മപരിശോധന നടത്താൻ പ്രത്യേക സർക്കാർ കമ്മിറ്റിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് എം.പിമാർ പാർലമെന്റിൽ അടിയന്തരപ്രമേയം സമർപ്പിച്ചു. ഈ മാസം ആദ്യം കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പിടിയിലായിരുന്നു. അന്വേഷണത്തിൽ, ഏകദേശം 22 സർവകലാശാലകളുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിനടുത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പത്ത് ലക്ഷത്തിലധികം ആളുകൾക്ക് ഇത്തരം വ്യാജ അക്കാദമിക് യോഗ്യതകൾ വിതരണം ചെയ്തതായി സംശയിക്കുന്നതായും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ നിന്നുള്ള വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ ജോലി നേടാൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് ബഹ്റൈൻ ഇത്തരമൊരു നടപടിക്ക് തയാറെടുക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി വെരിഫൈ ചെയ്യാൻ പ്രത്യേക സമിതി വേണമെന്നും വ്യാജരേഖകൾ സമർപ്പിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് പാർലമെന്റിന്റെ ആവശ്യം. ഭരണകൂടത്തിന്റെ വിവിധ വിഭാഗങ്ങൾ ഉൾപ്പെടുന്ന സമിതി, ഇന്ത്യയിലെയും ബഹ്റൈനിലെയും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് പ്രവർത്തിക്കണമെന്നാണ് നിർദേശം. വ്യാജ സർട്ടിഫിക്കറ്റുകൾ രാജ്യത്തെ പ്രഫഷനൽ നിലവാരത്തെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്ന് അഹമ്മദ് അൽ സല്ലൂം മുന്നറിയിപ്പ് നൽകി. പ്രമേയം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ചർച്ചക്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.