എ.എസ്.യുവിനുള്ള ആദരം എ.എ.സി.എസ്.ബി അധികൃതർ കൈമാറുന്നു
മനാമ: ബിസിനസ് വിദ്യാഭ്യാസ രംഗത്തെ ആഗോള അംഗീകാരമായ എ.എ.സി.എസ്.ബി ഇന്റർനാഷനൽ, ബഹ്റൈനിലെ അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിക്ക് (എ.എസ്.യു) പ്രത്യേക ആദരം നൽകി. തുനീഷ്യയിലെ ടുണിസിൽ ഈ മാസം 20, 21 തീയതികളിൽ നടന്ന ‘എലവേറ്റ് മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക’ കോൺഫറൻസിലെ സർവകലാശാലയുടെ സജീവ പങ്കാളിത്തവും പിന്തുണയും പരിഗണിച്ചാണ് ഈ പുരസ്കാരം.
എ.എ.സി.എസ്.ബി എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് എലീൻ മക്ഓലിഫ്, വൈസ് പ്രസിഡന്റ് ഇഹ്സാൻ സക്രി എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. എ.എസ്.യു പ്രസിഡന്റ് പ്രഫ. ഹാതിം മസ്രി, അഡ്മിനിസ്ട്രേറ്റിവ് സയൻസസ് കോളജ് ഡീൻ സിയാദ് സുരിഗത് എന്നിവർ ചേർന്ന് ആദരം ഏറ്റുവാങ്ങി. ബിസിനസ് വിദ്യാഭ്യാസ മേഖലയിൽ മികവ്, നൂതനത്വം, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിൽ എ.എസ്.യു പുലർത്തുന്ന പ്രതിബദ്ധതക്കുള്ള വലിയൊരു അംഗീകാരമാണിത്. മിഡിൽ ഈസ്റ്റ് മേഖലയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരമുള്ള അക്രഡിറ്റേഷനുകളും നൂതന ആശയങ്ങളും നടപ്പിലാക്കുന്നതിൽ സർവകലാശാല വഹിക്കുന്ന പങ്ക് ഈ ചടങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരാൻ ഇത്തരം അംഗീകാരങ്ങൾ സഹായിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.