ജി.സി.സി രാജ്യങ്ങളിലെ പബ്ലിക് പ്രോസിക്യൂഷനുകളുടെ യോഗം റിയാദിൽ നടന്നപ്പോൾ
മനാമ: ജി.സി.സി രാജ്യങ്ങളിലെ പബ്ലിക് പ്രോസിക്യൂഷനുകളുടെയും പ്രോസിക്യൂട്ടർ ജനറൽ ഓഫിസുകളുടെയും സ്പെഷലിസ്റ്റ് കമ്മിറ്റിയുടെ 50ാമത് യോഗം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടന്നു.
ജി.സി.സി രാജ്യങ്ങളിലെ പ്രോസിക്യൂഷൻ നടപടികളിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉൾപ്പെടുത്തുന്നതിനായുള്ള നിയമനിർമാണ ചർച്ചകളാണ് യോഗത്തിൽ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്.
പബ്ലിക് പ്രോസിക്യൂഷന്റെ പ്രവർത്തനങ്ങളിൽ നിർമിത ബുദ്ധി ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനുമായി ഒരു മാതൃകാ നിയമനിർമാണ ചട്ടക്കൂട് വികസിപ്പിക്കണമെന്ന ആവശ്യം ബഹ്റൈൻ പബ്ലിക് പ്രോസിക്യൂഷനായിരുന്നു മുന്നോട്ടുവെച്ചത്.
ജി.സി.സി അംഗരാജ്യങ്ങളിലെ പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർക്കായി നിലവിലുള്ള ഏകീകൃത ജുഡീഷ്യൽ മാർഗനിർദേശങ്ങളുടെ പുനഃപരിശോധന നടത്തണമെന്നും പ്രോസിക്യൂഷൻ അംഗങ്ങൾക്കുള്ള മികച്ച സേവനത്തിനുള്ള ഹാമിദ് അൽ ഉസ്മാൻ അവാർഡിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നതിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
അഡ്വ. ജനറൽ കൗൺസിലർ ഫഹദ് ഖാലിദ് അൽബുവൈനൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബഹ്റൈനെ പ്രതിനിധാനം ചെയ്ത് ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ മുഹമ്മദ് യൂസുഫ് അൽ സുബാരി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
നീതിനിർവഹണത്തിലും നിയമപാലനത്തിലും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത അൽ ബുവൈനൈൻ ചൂണ്ടിക്കാട്ടി. ജി.സി.സി രാജ്യങ്ങൾക്കിടയിൽ നിയമപരമായ അറിവുകൾ കൈമാറുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമവാഴ്ച ഉറപ്പാക്കുന്നതിനും ജുഡീഷ്യൽ രംഗത്ത് സ്ഥാപനപരമായ സംയോജനം കൊണ്ടുവരുന്നതിനും സംയുക്തമായി പ്രവർത്തിക്കാൻ യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ പ്രതിജ്ഞാബദ്ധത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.