മനാമ: സ്വകാര്യ മേഖലയിലെ തൊഴിൽപരമായ സ്ഥിരത ഉറപ്പാക്കുന്നതിനും എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) 'വേതന സംരക്ഷണ സംവിധാനത്തിന്റെ' (ഡബ്ല്യു.പി.എസ്) മെച്ചപ്പെടുത്തിയ പതിപ്പ് പുറത്തിറക്കി. ജീവനക്കാർക്ക് അവരുടെ വേതനം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രാഥമിക ലക്ഷ്യം.
ദേശീയതലത്തിലുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് പരിഷ്കരിച്ച വേതന സംരക്ഷണ സംവിധാനം നിലവിൽ വന്നത്. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (സി.ബി.ബി), ബെനഫിറ്റ്, സ്വകാര്യമേഖല പങ്കാളികൾ എന്നിവയുമായി സഹകരിച്ചാണ് എൽ.എം.ആർ.എ ഈ സംവിധാനം മെച്ചപ്പെടുത്തിയത്. തൊഴിൽകക്ഷികളുടെയെല്ലാം അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കരാർപരമായ സ്ഥിരത നിലനിർത്തുന്നതിനും പുതിയ ഡബ്ല്യു.പി.എസ് സഹായിക്കുമെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയസമിതി ചെയർമാനുമായ നിബ്രാസ് താലിബ് പറഞ്ഞു.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും പുതിയ സംവിധാനം മുൻഗണന നൽകുന്നു. സ്വകാര്യസ്ഥാപനങ്ങൾക്ക് പ്രത്യേക സാമ്പത്തിക സംവിധാനങ്ങളിൽ പണം മുടക്കാതെ തന്നെ വേതനം നൽകുന്ന പ്രക്രിയകൾ ലളിതമാക്കാനും അത് രേഖപ്പെടുത്താനും ഡബ്ല്യു.പി.എസ് വഴി സാധിക്കും.
ദേശീയ കമ്പനികൾക്ക് അവരുടെ സാമ്പത്തിക, ഭരണപരമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഇത് സഹായകമാകും. മനുഷ്യവിഭവശേഷി കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത വർധിപ്പിക്കാനും പ്രവർത്തന ചെലവുകൾ കുറക്കാനും സ്വകാര്യമേഖലയുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ഡബ്ല്യു.പി.എസ് സഹായിക്കുമെന്ന് നിബ്രാസ് താലിബ് വിശദീകരിച്ചു. പരിഷ്കരിച്ച ഡബ്ല്യു.പി.എസ് തൊഴിലാളികളുടെ വേതനം സുതാര്യമായും സമയബന്ധിതമായും നൽകുന്നതിൽ സ്വകാര്യസ്ഥാപനങ്ങൾ നിയമപരമായ പാലനം ഉറപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സർക്കാർ അധികാരികളെ നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.