മനാമ: ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളെയും വീടുകളെയും കലയിലൂടെ പുനർനിർമ്മിച്ച് പ്രത്യാശയുടെ സന്ദേശം പകരുകയാണ് ബഹ്‌റൈൻ ആസ്ഥാനമായ വോയ്ഡ് ഡിസൈൻ ഏജൻസി. ആക്രമണങ്ങളിൽ തകർന്ന ഭാഗങ്ങളിൽ നിന്ന് പൂക്കൾ വിരിഞ്ഞുനിൽക്കുന്ന രീതിയിൽ പുനരാവിഷ്കരിച്ച ഇവരുടെ കലാസൃഷ്ടികൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
ഭീതിയുടെയും ആശങ്കയുടെയും ഈ കാലഘട്ടത്തെ അതിജീവനത്തിന്‍റെ കരുത്താക്കി മാറ്റാനാണ് ‘ബ്ലൂമിംഗ് ത്രൂ ദി ക്രാക്സ്’ എന്ന ഈ പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഹിദ്ദിലെ തകർന്ന വീടുകളും സീഫിലെ കഫേകളും തകർന്ന ടവറുകളുമെല്ലാം വർണാഭമായ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന രീതിയിലാണ് ടീം റീ-ഇമാജിൻ ചെയ്തിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് നിലവിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 28 വയസ്സുകാരിയായ ജവാഹർ അൽ ആമിറിന്‍റെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ ഡിസൈനർമാരുടെ സംഘമാണ് ഈ ആശയത്തിന് പിന്നിൽ.
നാശനഷ്ടങ്ങൾക്കിടയിലും ബഹ്‌റൈനിലെ ജനങ്ങളുടെ മനക്കരുത്തും പോരാട്ടവീര്യവും വിളിച്ചോതുന്നതാണ് ഈ കലാസൃഷ്ടികൾ. തകർന്ന ഓരോ ഇഷ്ടികയ്ക്കിടയിൽ നിന്നും പുത്തൻ ജീവിതം നാമ്പെടുക്കുമെന്ന വലിയ സന്ദേശമാണ് ഇത് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.