ഇന്ത്യന്‍ സ്കൂള്‍ ജീവനക്കാരുടെ ലീവ് സാലറി അടിയന്തരമായി വിതരണം ചെയ്യണം- യു.പി.പി

മനാമ: ഒഴിവ് കാലം തുടങ്ങി ഒരു മാസം പിന്നിടാറായിട്ടും ഇത് വരെ കൊടുത്തിട്ടില്ലാത്ത ജീവനക്കാരുടെ അവധികാല വേതനം എത്രയും പെട്ടെന്ന് കൊടുത്തു തീര്‍ക്കണമെന്ന് യു.പി.പി ശക്തമായി ആവശ്യപ്പെട്ടു. ഫീസ് കുടിശ്ശികയും ജീവനക്കാരുടെ ശമ്പള വിതരണവും മാത്രം അജണ്ടയാക്കി കഴിഞ്ഞ മാസം ചേർന്ന ജനറൽ ബോഡി യോഗത്തിൽ, ആവശ്യമായാൽ ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തി ജീവനക്കാരുടെ ശമ്പളവും ലീവ് സാലറിയും യഥാസമയം വിതരണം ചെയ്യുമെന്ന് ഭരണസമിതി യോഗത്തില്‍ പങ്കെടുത്ത രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. അതിന് ശേഷം യോഗം നടന്നതിന് തൊട്ടടുത്ത ദിവസം ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്തെങ്കിലും, ഇതുവരെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ലീവ് സാലറി വിതരണം ചെയ്തിട്ടില്ല.

ലീവ് സാലറി ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി അധ്യാപകരും ജീവനക്കാരും നാട്ടിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും, പണം ലഭിക്കാത്തതിനാൽ പലർക്കും യാത്ര പോലും മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായതായതായി യു.പി.പി ആരോപിച്ചു. മുൻകാലങ്ങളിൽ ജൂൺ മാസത്തെ ശമ്പളത്തോടൊപ്പം രണ്ട് മാസത്തെ ലീവ് സാലറിയും വിതരണം ചെയ്യുന്നതായിരുന്നു പതിവ്. നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയശേഷം ജൂലൈ മാസത്തെ ലീവ് സാലറി അവധിക്കാലത്തും ആഗസ്റ്റ് മാസത്തേത് സ്കൂൾ തുറന്ന് സെപ്റ്റംബറിൽ നൽകുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. എന്നാൽ ഈ വർഷം ആ ക്രമീകരണവും പാലിക്കപ്പെടാത്തത് ജീവനക്കാരിൽ കടുത്ത ആശങ്കയും പ്രയാസങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്നും, ഫീസ് കുടിശ്ശിക മാത്രമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും യു.പി.പി പറഞ്ഞു.

അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആത്മാഭിമാനവും സാമ്പത്തിക സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനായി, ജൂലൈ മാസത്തെ ലീവ് സാലറിയെങ്കിലും അടിയന്തരമായി വിതരണം ചെയ്യണമെന്ന് യു.പി.പി ഭരണസമിതിയോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതാണ് ഒരു ഏതൊരു സ്ഥാപനത്തിന്റെയും വിശ്വാസ്യതയുടെയും നിലനില്‍പിന്‍റേയും അടിത്തറയാണെന്നും യു.പി.പി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Tags:    
News Summary - "Distribute leave salary of Indian school employees urgently - UPP"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.