ബഹ്‌റൈനെതിരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

മനാമ: രാജ്യത്തെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ നടത്തിയ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. പൗരന്മാരുടെ ജീവന് നേരെയുള്ള നേരിട്ടുള്ള ഭീഷണിയായും പരമാധികാരം, അന്താരാഷ്ട്ര നിയമങ്ങൾ, യു.എൻ ചാർട്ടർ, യു.എൻ രക്ഷാസമിതി പ്രമേയം എന്നിവയുടെ നഗ്നമായ ലംഘനമായുമാണെന്നും ബഹ്റൈൻ വ്യക്തമാക്കി.

ബഹ്‌റൈൻ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലെ സിവിൽ ഏവിയേഷൻ നാവിഗേഷൻ ഉപകരണങ്ങളെയും വ്യോമഗതാഗതത്തെയും ലക്ഷ്യമിട്ട് ഡ്രോണാക്രമണങ്ങളെയും മന്ത്രാലയം അപലപിച്ചു. ഷിക്കാഗോ കൺവെൻഷന്റെയും ഐ.സി.എ.ഒ ചട്ടങ്ങളുടെയും ലംഘനമായ ഇത്തരം നടപടികൾ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് കടുത്ത അപകടമുണ്ടാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. യു.എൻ ചാർട്ടറിലെ 51-ാം അനുച്ഛേദപ്രകാരമുള്ള രാജ്യത്തിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം വ്യക്തമാക്കിയ മന്ത്രാലയം, ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ വ്യോമ പ്രതിരോധ വിഭാഗത്തെ പ്രശംസിച്ചു.

ഇറാൻ്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷാ കൗൺസിലും അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്ന് ബഹ്‌റൈൻ ആവർത്തിച്ചു. വ്യോമ-കടൽ മാർഗങ്ങളിലെ ഗതാഗതം സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും രാജ്യം ആവശ്യപ്പെട്ടു.

Tags:    
News Summary - "Ministry of Foreign Affairs strongly condemns attacks against Bahrain"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.