സ്വർണവില ഉയർന്നിട്ടും തിളക്കം കുറയാതെ ബഹ്‌റൈൻ വിപണി

യുദ്ധഭീതി കുറയുകയോ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ആശങ്കകൾ അകലുകയോ ചെയ്താൽ സ്വർണവില താഴാൻ സാധ്യതയുണ്ട്

മനാമ: ആഗോള വിപണിയിലെ വിലവ്യതിയാനങ്ങളെയും യുദ്ധഭീതിയെയും അമേരിക്കൻ പലിശനിരപ്പിലെ മാറ്റങ്ങളെയും അതിജീവിച്ച് ബഹ്‌റൈനിൽ സ്വർണ്ണവ്യാപാരം സജീവമായി തുടരുന്നു. ആഗോളതലത്തിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും ബഹ്‌റൈനിൽ ആഭരണ സ്വർണ്ണത്തിന് ഗ്രാമിന് ഏകദേശം 44 ബഹ്‌റൈൻ ദീനാറും 24 കാരറ്റ് സ്വർണത്തിന് 50 ദീനാറിനടുത്തും വിലവരുന്നുണ്ട്. ആഗോള വിപണിയിൽ ഔൺസിന് 4,119 ഡോളറോളം വരെ ഉയർന്ന സ്വർണം, ശക്തമായ യു.എൻ ഡോളറിനെയും പലിശനിരപ്പിലെ മാറ്റങ്ങളെയും തുടർന്ന് 4,000 ഡോളറിലേക്ക് താഴുകയായിരുന്നു. എണ്ണവിലയിലെ വർധനവും മേഖലയിലെ സംഘർഷങ്ങളും ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ആശങ്കകളും വിപണിയിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്.

വിപണിയിലെ ആവശ്യക്കാരുടെ എണ്ണം മാസം മുമ്പത്തെ അപേക്ഷിച്ച് മിതമായ നിലയിലാണ്. എങ്കിലും ആവശ്യക്കാർ വിപണി വിട്ടുപോയിട്ടില്ലെന്ന് പ്രാദേശിക ജ്വല്ലറി ഉടമകൾ പറയുന്നു. ആഗോള വില ഔൺസിന് 4,100 ഡോളറിന് മുകളിലേക്ക് ഉയർന്നപ്പോഴാണ് ബഹ്‌റൈനിൽ സ്വർണ്ണം ഗ്രാമിന് 44 ദീനാർ കടന്നത്. വിദേശത്തുണ്ടാകുന്ന സംഭവവികാസങ്ങളാണ് പ്രാദേശിക വിലയെ നിയന്ത്രിക്കുന്നത്. യുദ്ധഭീതി കുറയുകയോ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ആശങ്കകൾ അകലുകയോ ചെയ്താൽ സ്വർണ്ണവില താഴാൻ സാധ്യതയുണ്ട്. എന്നാൽ സാഹചര്യങ്ങൾ കൂടുതൽ വഷളായാൽ നിക്ഷേപകർ വീണ്ടും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയും. വിൽപനയേക്കാൾ കൂടുതൽ വാങ്ങുന്നവരാണുള്ളത്. പണം കൈയിൽ വെക്കുന്നതിനേക്കാൾ സ്വർണ്ണം സൂക്ഷിക്കാൻ നിക്ഷേപകർ താല്പര്യപ്പെടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

വില കൂടുമ്പോൾ വാങ്ങാൻ കൂടുതൽ ആളുകൾ മുന്നോട്ടുവരുന്ന വിചിത്രമായ രീതിയാണ് ബഹ്‌റൈൻ വിപണിയിൽ കാണാറുള്ളതെന്നും വ്യാപാരികൾ പറയുന്നു. വില ഇനിയും വർദ്ധിക്കുമെന്ന ഭയവും, ദീർഘകാല നിക്ഷേപമെന്ന നിലയിലുള്ള സുരക്ഷിതത്വവുമാണ് ആളുകളെ ഇതിന് പ്രേരിപ്പിക്കുന്നത്.

സെൻട്രൽ ബാങ്കുകളുടെ പലിശനിരക്ക് പ്രഖ്യാപനങ്ങൾ, ഡോളറിന്റെ മൂല്യം, മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും സ്വർണ്ണവിപണിയുടെ അടുത്ത ഘട്ടമെന്ന് ഡീലർമാർ വിലയിരുത്തുന്നു. വിപണിയിൽ കച്ചവടം അൽപ്പം മന്ദഗതിയിലാണെങ്കിലും, അനിശ്ചിതത്വങ്ങൾക്കിടയിൽ നിക്ഷേപകർ പ്രധാനമായും ആശ്രയിക്കുന്ന സുരക്ഷിത താവളം സ്വർണ്ണം തന്നെയാണ്.

Tags:    
News Summary - "Bahrain market maintains its shine despite rising gold prices"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.