മനാമ: 2025-2026 അധ്യയനവർഷത്തിൽ രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കാൻ പോകുന്ന വികസനപദ്ധതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നൽകുന്ന വിദ്യാഭ്യാസ സേവനങ്ങളിൽ ഗുണപരമായ പുരോഗതി വരും അധ്യയനവർഷത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങൾക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ തുടർച്ചയായ നിരീക്ഷണത്തിനും അനുസരിച്ചാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഗുണകരമാകുന്ന വികസന പദ്ധതികൾ സജ്ജമാക്കുന്നത്. ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളികൾ തുടങ്ങിയവ നേരിടുന്ന വിദ്യാർഥികൾക്കായി രാജ്യത്തുടനീളം പുതുതായി സജ്ജീകരിച്ച 23 ക്ലാസ് മുറികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരം വിദ്യാർഥികളെ ഉൾക്കൊള്ളുന്നതിനായി മന്ത്രാലയം ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും വലിയ വിപുലീകരണമാണിത്.
പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും മന്ത്രി സൂചിപ്പിച്ചു. കൂടാതെ, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി ഒരുക്കിവെച്ചിട്ടുള്ള സ്കൂൾ ബസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. പുതുതായി വികസിപ്പിച്ച പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പുതിയ സ്കൂൾ ഗതാഗത റൂട്ടുകളും ആരംഭിച്ചു. ഇതോടെ സ്കൂൾ ഗതാഗതം ഉപയോഗപ്പെടുത്തുന്ന വിദ്യാർഥികളുടെ എണ്ണം 50,000ത്തിലധികമായി ഉയരും. വിദ്യാലയങ്ങളിൽ ഏകദേശം 6,000 പുതിയ എയർ കണ്ടീഷനിങ് യൂനിറ്റുകൾ സ്ഥാപിക്കും. കഴിഞ്ഞ അധ്യയനവർഷത്തിൽ 5,000 യൂനിറ്റുകൾ സ്ഥാപിച്ചിരുന്നു.അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പ് എല്ലാ കൂളിങ് സിസ്റ്റങ്ങളുടെയും കാര്യക്ഷമതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ പ്രത്യേക ടീമുകളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ശുചീകരണ ജീവനക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടാകും. മുമ്പ് രണ്ടോ നാലോ ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഇനി ഓരോ സ്കൂളിലും നാല് മുതൽ ഒമ്പത് വരെ ജീവനക്കാർ ഉണ്ടാകും. എല്ലാ സ്കൂളുകളിലും സമഗ്രമായ അറ്റകുറ്റപ്പണികളും പ്രതിരോധ പ്രവർത്തനങ്ങളും നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.