കിങ് ഹമദ് ഹോസ്പിറ്റൽ
മനാമ: ബഹ്റൈൻ ആരോഗ്യമേഖലക്ക് അന്താരാഷ്ട്രതലത്തിൽ തിളക്കമാർന്ന നേട്ടം. ലോകത്തെ മികച്ച 100 സർവകലാശാലാ ആശുപത്രികളുടെ പട്ടികയിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ സ്ഥാനംപിടിച്ചു. ആഗോള റാങ്കിങ്ങിൽ 73ാം സ്ഥാനമാണ് ആശുപത്രി സ്വന്തമാക്കിയത്. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡ് മൂല്യനിർണയ ഏജൻസിയായ 'ബ്രാൻഡ് ഫിനാൻസ്' പുറത്തിറക്കിയ ‘ഗ്ലോബൽ ടോപ്പ് 250 ഹോസ്പിറ്റൽസ് 2026’ ലാണ് ഈ അംഗീകാരം. മെഡിക്കൽ വിദ്യാഭ്യാസത്തിലെ മികവ്, ശാസ്ത്രീയ ഗവേഷണങ്ങൾ, ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം, അക്കാദമിക് പ്രശസ്തി എന്നിവ വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിച്ചത്. ബഹ്റൈനിലെ ആരോഗ്യമേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നതിന്റെ തെളിവായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നിരന്തരമായ പിന്തുണയാണ് ഈ വിജയത്തിന് ആധാരമെന്ന് റോയൽ മെഡിക്കൽ സർവിസസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ആശുപത്രിയിലെ ഡോക്ടർമാർ, ഗവേഷകർ, മറ്റ് ജീവനക്കാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ റാങ്കിങ്ങെന്ന് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ കമാൻഡർ കേണൽ ഡോ. ശൈഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. വരും വർഷങ്ങളിൽ കൂടുതൽ നൂതനമായ ചികിത്സാരീതികളും ഗവേഷണങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.