കടകളിൽ പരിശോധന നടത്തുന്ന ബഹ്റൈൻ വ്യവസായ
വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ
മനാമ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും അനാവശ്യമായ വിലക്കയറ്റം തടയാനും കർശന നടപടികളുമായി ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി വിപുലമായ പരിശോധന പദ്ധതികളാണ് മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഫീൽഡ് പരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു.
കടകളിൽ നൽകുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും നിയമപരമാണോ എന്നും ഓഫറിന് മുമ്പും ശേഷവുമുള്ള വില കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധന സംഘം ഉറപ്പുവരുത്തും. ഷെൽഫുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയും ബില്ലിങ് സിസ്റ്റത്തിലെ വിലയും തമ്മിൽ മാറ്റമില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കും. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾക്കോ ക്രമക്കേടുകൾക്കോ എതിരെ കർശനനടപടി സ്വീകരിക്കും. റമദാൻ മാസത്തിന്റെ പകുതിയോടെ പരിശോധനകൾ കൂടുതൽ വിപുലമാക്കും.
പ്രത്യേകിച്ചും വൻതോതിൽ തിരക്ക് അനുഭവപ്പെടുന്ന ഭക്ഷണശാലകൾ, പഴം-പച്ചക്കറി കടകൾ, മീൻ, ഇറച്ചി മാർക്കറ്റുകൾ, തയ്യൽകടകൾ, സ്വർണക്കടകൾ, പലഹാര വിൽപനശാലകൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്തും. വിപണിയിൽ കൃത്രിമം കാണിക്കുകയോ നിയമങ്ങൾ ലംഘിക്കുകയോ ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പിഴ, സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടൽ, ലൈസൻസ് റദ്ദാക്കൽ എന്നിവക്കുപുറമെ കുറ്റവാളികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.
വാണിജ്യ സ്ഥാപനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചോ അമിതവിലയെക്കുറിച്ചോ പൊതുജനങ്ങൾക്ക് ‘തവാസുൽ’ വഴിയോ 17111225 എന്ന് വാട്സ്ആപ് നമ്പറിലോ inspection@moic.gov.bh ഇ-മെയിലിലോ പരാതിപ്പെടാം.
വിപണി സുരക്ഷിതം; സാധനങ്ങൾക്ക് ക്ഷാമമില്ല
മനാമ: റമദാൻ മാസത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബഹ്റൈനിലെ ചില്ലറവിൽപന വിപണികളിൽ ആശങ്കക്ക് സ്ഥാനമില്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ പ്രധാന സൂപ്പർമാർക്കറ്റുകളിലും വിപണികളിലും നടത്തിയ ഫീൽഡ് പരിശോധനകളിൽ ഭക്ഷ്യവസ്തുക്കളുടെ വൻശേഖരം ലഭ്യമാണെന്നും വിലനിലവാരം സ്ഥിരമായി തുടരുന്നുവെന്നും വ്യക്തമായി. വിപണിയിലെ വർധിച്ച ആവശ്യം മുൻകൂട്ടിക്കണ്ട് ആഴ്ചകൾക്ക് മുമ്പുതന്നെ തയാറെടുപ്പുകൾ തുടങ്ങിയതായി വ്യാപാരികൾ അറിയിച്ചു. റമദാൻകാലത്തെ തിരക്ക് കണക്കിലെടുത്ത് സാധാരണയേക്കാൾ കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്.
വിപണിയിലെ കടുത്ത മത്സരം ഉപഭോക്താക്കൾക്ക് ഗുണകരമാകുന്നുണ്ട്. മത്സ്യം, മാംസം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യപ്പൊടികൾ തുടങ്ങിയ ഉൽപന്നങ്ങൾക്ക് പലയിടങ്ങളിലും വില കുറഞ്ഞതായും ഓഫറുകൾ നിലവിലുള്ളതായും കാണപ്പെടുന്നുണ്ട്. പല സൂപ്പർമാർക്കറ്റുകളും ആകർഷകമായ പ്രമോഷനുകളും സീസണൽ ഓഫറുകളും നൽകുന്നതിലൂടെ സാധാരണക്കാരുടെ ബജറ്റിന് വലിയ ആശ്വാസവുമാകുന്നുണ്ട്. ചുരുക്കത്തിൽ, വിപണിയിൽ സാധനങ്ങൾ സുലഭമാണ്, വില നിയന്ത്രണവിധേയമാണ്. ഉപഭോക്താക്കൾക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ റമദാനെ വരവേൽക്കാം.
നിങ്ങളുടെ റമദാൻ രുചികൾ 'ഗൾഫ് മാധ്യമത്തിലൂടെ' ലോകമറിയട്ടെ...
നിങ്ങളുടെ കൈപ്പുണ്യത്തിൽ വിരിയുന്ന സ്പെഷ്യൽ വിഭവങ്ങൾ മറ്റുള്ളവരിലേക്കും പങ്കുവെക്കാൻ ഇതാ ഒരു സുവർണാവസരം. ഗൾഫ് മാധ്യമം റമദാൻ മാസത്തിൽ പ്രസിദ്ധീകരിക്കുന്ന പ്രത്യേക കോളം ‘റമദാൻ രുചി’ യിലേക്ക് വായനക്കാരിൽനിന്നും വിഭവങ്ങൾ ക്ഷണിക്കുന്നു.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
നിങ്ങളുടെ ഏറ്റവും മികച്ച വിഭവത്തിന്റെ പാചകക്കുറിപ്പ് തയാറാക്കുക.
ചേരുവകൾ, പാകം ചെയ്യുന്ന രീതി എന്നിവ വ്യക്തമായി എഴുതുക.
തയാറാക്കിയ വിഭവത്തിന്റെ ആകർഷകമായ ഒരു ഫോട്ടോയും നിങ്ങളുടെ ഒരു ഫോട്ടോയും കൂടെ അയക്കുക.
നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം താഴെ കാണുന്ന വാട്സ്ആപ് നമ്പറിലേക്കോ ഇമെയിലിലേക്കോ അയക്കുക.
വാട്സ്ആപ് നമ്പർ: +973 39203865 Email: bahrain@gulfmadhyamam.net
തിരഞ്ഞെടുക്കപ്പെടുന്ന വിഭവങ്ങൾ റമദാൻ ദിനങ്ങളിൽ ഗൾഫ് മാധ്യമം പത്രത്തിലും വെബ്സൈറ്റിലും നിങ്ങളുടെ പേര് സഹിതം പ്രസിദ്ധീകരിക്കുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പാചകക്കുറിപ്പുകൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.