ഐ.സി.എഫ് സംഘടിപ്പിച്ച പ്രകാശതീരം പരിപാടിയിൽ ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടത്തുന്നു
മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പ്രകാശതീരം ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുർആൻ പ്രഭാഷണം ശ്രവിക്കാൻ മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ വൻ ജനാവലിയാണ് എത്തിയത്.
‘റമദാൻ വിശുദ്ധിയുടെ മാസം’ എന്ന ശീർഷകത്തിൽ നടക്കുന്ന ഐ.സി.എഫ് റമദാൻ കാമ്പയിനിന്റെ ഭാഗമായാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചത്. മനുഷ്യരുടെ ജീവിത വിജയത്തിനുതകുന്ന വിശ്വാസങ്ങളും കർമങ്ങളും ധർമനിഷ്ഠകളും ക്യത്യമായി പകർന്നുനൽകുന്ന വിശുദ്ധ ഖുർആൻ പ്രപഞ്ച നാഥന്റെ അനുഗ്രഹമാണെന്നും, ഖുർആനുമായി കൂടുതൽ അടുക്കാനും ജീവിതം ക്രമപ്പെടുത്താനും വിശ്വാസികൾ തയാറാവണമെന്നും പ്രഭാഷണത്തിൽ ശാഫി സഖാഫി ഉദ്ബോദിപ്പിച്ചു. മാർച്ച് 20 വരെ നീണ്ടുനിൽക്കുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി തിലാവ, ഇഫ്താർ സംഗമങ്ങൾ, സകാത് ഡ്രൈവ്, സ്നേഹസംഗമം, റിലീഫ്-സേവന പ്രവർത്തനങ്ങൾ, ഈദ് സംഗമം എന്നിവക്കൊപ്പം റീജൻ കേന്ദ്രങ്ങളിൽ ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡന്റ്സ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർഥികൾക്കുമായി വിവിധ പരിപാടികളും നടക്കും.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.കെ. അബൂബക്കർ ലത്വീഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി, സുലൈമാൻ ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീഖ് ലത്വീഫി വരവൂർ, ഇസ്മാൻ സഖാഫി, ശിഹാബുദ്ദീൻ സിദ്ദീഖി, ശംസുദ്ദീൻ സുഹ് രി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശമീർ പന്നൂർ സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.