മനാമ: ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വേദിയിൽ കൊണ്ടുവരുന്നതിനായി കേരള സർക്കാർ ആതിഥേയത്വം വഹിക്കുന്ന ലോക കേരള സഭക്ക് ബഹ്റൈൻ പ്രവാസികളുടെ പ്രതിനിധികളായി ഇത്തവണ 15 പേർ പങ്കെടുക്കും. കേരളത്തിന്റെ നവകേരള നയ രൂപവത്കരണത്തിൽ പ്രവാസി പങ്കാളിത്തത്തിലൂടെ വികസനത്തിന്റെ പുതിയ ആഗോള മാതൃക തീർക്കാൻ പ്രവാസി മലയാളികളുടെ പങ്ക് ഉറപ്പാക്കി ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്താണ് നടക്കുന്നത്. കേരള സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവാസി മലയാളികളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
കൂടാതെ പ്രവാസികളുടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടാനും അവ അധികൃതരുടെ മുന്നിലെത്തിക്കാനും അംഗങ്ങൾക്ക് കഴിയുമെന്ന പ്രതീക്ഷയിലുമാണ്. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം മലയാളി പ്രവാസികളുടെ പ്രതിനിധികൾ പങ്കെടുക്കും. ലോകമെങ്ങും അംഗീകരിച്ച മലയാളിയുടെ അറിവും കഴിവും നവകേരള രൂപവത്കരണത്തിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ഒരുങ്ങുന്നത്.
ബഹ്റൈനിൽനിന്ന് ആർ.പി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. ബി. രവി പിള്ള, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, പ്രതിഭ അംഗങ്ങളായ സുബൈർ കണ്ണൂർ, സി.വി. നാരായണൻ, ബിനു മണ്ണിൽ, പി. ശ്രീജിത്ത് എന്നിവരും നവ കേരള പ്രതിനിധികളായി എൻ.കെ ജയൻ, ജേക്കബ് മാത്യു എന്നിവരും ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ചെയർമാൻ അഡ്വ. വി.കെ തോമസ്, വർഗീസ് ജോർജ്, ഷാനവാസ് പി.കെ, മൊയ്തീൻ കുട്ടി പുളിക്കൽ, സുധീർ തിരുനിലത്ത്, സജി മാർക്കോസ്, കെ.ടി സലീം എന്നിവരുമാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
സഭയിൽ ഉന്നയിക്കേണ്ട പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യാൻ ബഹ്റൈനിൽ സംയുക്ത യോഗം നാളെ
മനാമ: തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത് ലോകകേരളസഭയിൽ ഉന്നയിക്കേണ്ട പ്രവാസി വിഷയങ്ങൾ ക്രോഡീകരിക്കുന്നതിനായി ബഹ്റൈനിൽ സംയുക്ത യോഗം ചേരുന്നു. ലോകകേരളസഭയിലെ ബഹ്റൈനിൽ നിന്നുള്ള അംഗങ്ങളുടെയും വിവിധ പ്രവാസി സംഘടന പ്രതിനിധികളുടെയും യോഗമാണ് വിളിച്ചുചേർത്തിരിക്കുന്നത്.
26 തിങ്കളാഴ്ച രാത്രി ഒമ്പതു മണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ചാണ് യോഗം നടക്കുക. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, വികസന പദ്ധതികൾ, കേരള സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ എന്നിവ യോഗം ചർച്ച ചെയ്യും. ബഹ്റൈനിലെ എല്ലാ പ്രവാസി സംഘടനകളുടെയും പ്രതിനിധികളെയും ലോക കേരള സഭാംഗങ്ങളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.