ദുബൈ: രാത്രികാല സുരക്ഷിതത്വത്തിൽ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ അഞ്ചെണ്ണവും ഗൾഫ് മേഖലയിൽ നിന്ന്. ഗാലപ്പ് ഇന്റർനാഷണൽ പുറത്തിറിക്കിയ 2024 ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങൾ വലിയ നേട്ടംകൊയ്തിരിക്കുന്നത്.
ആഗോള സുരക്ഷാ റിപ്പോർട്ടിൽ സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നാലെ തജിക്കിസ്ഥാൻ, ചൈന, ഒമാൻ, സൗദി, ഹോങ്കോങ് എന്നിവക്ക് പിറകെ കുവൈത്ത്, നോർവേ, ബഹ്റൈൻ, യു.എ.ഇ എന്നിവയാണ് തുടർന്നുള്ള ആദ്യ പത്തിലുള്ളത്. സ്പെയിൻ, സ്വീഡൻ, ജർമനി, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളേക്കാൾ ഉയർന്ന സ്ഥാനമാണ് ജി.സി.സി രാജ്യങ്ങൾ നേടിയത്. യു.എസിലെ ഗാലപ്പ് എന്ന മൾട്ടിനാഷനൽ അനലിറ്റിക്സ് ആൻഡ് അഡൈ്വസറി കമ്പനി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.
കഴിഞ്ഞ വർഷങ്ങളിലും ജി.സി.സി രാജ്യങ്ങൾ ഈ പട്ടികയിൽ ഉയർന്ന സ്ഥാനം നേടിയിരുന്നു. 2024ലും ആദ്യ പത്തിൽ അഞ്ച് രാജ്യങ്ങളും ജി.സി.സിയിൽ നിന്നുള്ളവയായിരുന്നു. അതേസമയം, രാത്രിയിൽ ഏറ്റവും കുറവ് സുരക്ഷിതത്വമുള്ളത് കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്സ്വാന, ലൈബീരിയ, ഇക്വഡോർ, ചിലി, സിംബാബ്വെ, എസ്വാറ്റിനി, മ്യാൻമർ, ചാഡ് എന്നിവയാണ് കുറഞ്ഞ സുരക്ഷിതത്വമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്.
കഴിഞ്ഞ മാസം പുറത്തുവന്ന സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യു.എ.ഇയിലെ അഞ്ച് നഗരങ്ങൾ മുൻനിരയിൽ ഇടം നേടിയിരുന്നു. യു.എ.ഇ തലസ്ഥാനമായ അബൂദബി ഏറ്റവും സുരക്ഷിതനഗരമായി ഒന്നാമതെത്തിയപ്പോൾ അജ്മാൻ രണ്ടാം സ്ഥാനത്തെത്തി. ദുബൈ, ഷാർജ, റാസൽഖൈമ എന്നീ നഗരങ്ങളും പട്ടികയിൽ മുൻനിരയിൽ ഇടംപിടിച്ചിരുന്നു. അന്താരാഷ്ട്ര റേറ്റിങ് വെബ്സൈറ്റായ നംബിയോയുടെ സേഫ്റ്റി ഇൻഡെക്സിലാണ് യു.എ.ഇ നഗരങ്ങളുടെ മുന്നേറ്റം രേഖപ്പെടുത്തിയത്. സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയുടെ അടിസ്ഥാനത്തിൽ ജീവിക്കാൻ അനുയോജ്യമായ ഒരു സ്ഥലമെന്ന നിലയിലാണ് നഗരങ്ങൾക്ക് നേട്ടം കെവരിക്കാൻ സാധിച്ചത്.
ഈ പട്ടികയിൽ 85ാം സ്ഥാനത്തുള്ള വഡോദരയാണ് സുരക്ഷിതനഗരങ്ങളുടെ പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ നഗരം. കേരളത്തിൽ നിന്ന് തിരുവനന്തപുരം ആഗോളതലത്തിൽ 148 ാം സ്ഥാനത്തായാണ് പട്ടികയിൽ ഇടംപിടിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ സേഫ്റ്റി ഇൻഡെക്സ് തയാറാക്കുന്നത്. നിരവധി ആഗോള സുരക്ഷാ സൂചികകളിൽ യു.എ.ഇ നേരത്തെയും വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്.
സുരക്ഷ വർധിപ്പിക്കാൻ ഓരോ എമിറേറ്റിലും വ്യത്യസ്തമായ നിരവധി പദ്ധതികളാണ് അധികൃതർ നടപ്പിലാക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.