കൊച്ചി: ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് പ്രദർശനത്തിന് ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിട്ടും വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ കാണാൻ തിയറ്ററുകളിൽ ആളുകളില്ല. ആദ്യ ദിനമായ ശനിയാഴ്ച കാണികൾ നാമമാത്രമായിരുന്നു. ആളുകൾ എത്താത്തതിനാൽ കൊച്ചിയിലെ മിക്ക തിയറ്ററുകളിലും പ്രദർശനം നടന്നില്ല.
കൊച്ചിയിൽ ഏഴ് തിയേറ്ററുകളിലാണ് ‘കേരള സ്റ്റോറി 2’ പ്രദർശിപ്പിക്കുന്നത്. ആദ്യ ഷോ രാവിലെ 10.30നായിരുന്നു. പാൻ സിനിമാസ് തിയറ്ററിൽ ആറു സീറ്റും പി.വി.ആറിൽ രണ്ടു സീറ്റും ഷേണായീസിൽ 12 സീറ്റും മാത്രമാണ് ബുക്ക് ചെയ്തിരുന്നത്. 12ന്റെ ഷോക്ക് ഷേണായീസിൽ ഏഴു സീറ്റാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ, കുറഞ്ഞത് 10 പേരെങ്കിലും ഇല്ലാത്തതിനാൽ തിയേറ്റർ ഉടമ ഷോ റദ്ദാക്കി.
അതേസമയം, വിവാദ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി യുവജന സംഘടനകൾ രംഗത്തെത്തി. ഷേണായിസ് തിയേറ്ററിനുള്ളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബാനർ പിടിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും എന്നാൽ, ചിത്രം വസ്തുതാവിരുദ്ധവും കേരള ജനതയെ അപമാനിക്കുന്നതും ആണെന്ന് ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്തും ആളില്ലാത്തതിനാൽ ഷോകളുടെ എണ്ണം വെട്ടിക്കുറച്ചു. . ചിലയിടങ്ങളിൽ ഒന്നും രണ്ടും പേർ മാത്രമാണ് ബുക്ക് ചെയ്തത്. ആളില്ലാത്തതിനെ തുടർന്ന് പലയിടങ്ങളിലും ഷോകളുടെ എണ്ണം വെട്ടിക്കുറച്ചു. വിരലിലെണ്ണാവുന്നവർ മാത്രമാണ് ടിക്കറ്റ് എടുക്കാനെത്തിയത്. മിനിമം ആളുകളില്ലാതെ പ്രദർശനം നടത്തുന്നത് നഷ്ടമാണെന്ന് തിയറ്റർ ഉടമകൾ പറയുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് ,കോട്ടയം എന്നിവിടങ്ങളിലും കാണികളില്ലാത്ത ഷോകൾ റദ്ദാക്കി. പലയിടത്തും തിയറ്ററുകൾക്ക് മുമ്പിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു.
സ്റ്റേ ഉത്തരവ് നിലനിൽക്കെ ടിക്കറ്റ് വിൽപ്പന നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയതോടെ ബുക്ക്മൈഷോ വഴി ബുക്ക് ചെയ്തവർക്ക് നിർമാതാക്കൾ കഴിഞ്ഞ ദിവസം പണം തിരികെ നൽകിയിരുന്നു.
കൊച്ചി: ‘കേരള’ എന്ന പേരും ശൈലിയും ഉപയോഗിച്ച് വാണിജ്യ സിനിമ പ്രദർശനം നടത്തുന്നതായി ആരോപിച്ച് സിനിമാ നിർമാതാവ് വിപുൽ അമൃത് ലാൽ ഷായ്ക്കെതിരെ പരാതി. ഹൈകോടതി അഭിഭാഷകൻ അഡ്വ. അരുൺ ആന്റണി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ, സംസ്ഥാനത്തിന്റെ പേര് മുൻകൂർ സർക്കാർ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ദി എംബ്ലംസ് ആൻഡ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇംപ്രോപ്രർ യൂസ്) ആക്ട് പ്രകാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ പേര് ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നെന്നും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പേരിന്റെ ഉപയോഗമെന്നും പരാതിയിലുണ്ട്.
മൂവാറ്റുപുഴ: ‘ദി കേരള സ്റ്റോറി 2’ സിനിമക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. സിനിമയുടെ ടീസർ അടക്കം മതസൗഹാർദം തകർക്കാൻ ലക്ഷ്യമിട്ട് നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.എ. ആബിദ് അലി പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
സിനിമയുടെ പ്രമേയം കേരളത്തെയും പ്രത്യേകിച്ച് ഒരു സമൂഹത്തെയും ലക്ഷ്യമിട്ട് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതാണെന്നും സിനിമയുടെ ടീസറും പ്രചാരണ വസ്തുക്കളും സാമൂഹിക സൗഹാർദത്തെ ബാധിക്കുന്നതും സംസ്ഥാനത്തിന്റെ പ്രതിഛായയെ കളങ്കപ്പെടുത്തുന്നതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.