ബഹ്റൈനിലെ യു.എസ് താവളത്തിൽ ഇറാൻ നടത്തിയ
ആക്രമണത്തിന്റെ വിഡിയോ ദൃശ്യം
ദുബൈ: ഖത്തർ, ബഹ്റൈൻ, കുവൈത്ത്, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന് ആശങ്കയിൽ പ്രവാസിസമൂഹം. ഇസ്രായേലും അമേരിക്കയും ഇറാന് നേരെ ആക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് ഗൾഫ് മേഖലയിലെ താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണമാരംഭിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ട്. മിസൈൽ പ്രതിരോധ സംവിധാനമുപയോഗിച്ച് ആക്രമണങ്ങളെ പ്രതിരോധിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണമുണ്ടായ ഉടൻ ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകി നിർദേശങ്ങളും അറിയിപ്പുകളും വിവിധ സർക്കാറുകൾ പുറപ്പെടുവിച്ചത് ആശ്വാസം നൽകി.
അതേസമയം താമസ, ജോലി സ്ഥലങ്ങളിൽനിന്ന് കാണാവുന്ന ദൂരത്തിൽ ആക്രമണങ്ങൾ സംഭവിച്ചതോടെ യുദ്ധത്തെക്കുറിച്ച് ആശങ്ക കനത്തിട്ടുണ്ട്. മിസൈലുകൾ ആകാശത്ത് ദൃശ്യമാകുന്നതും പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്നതും പലയിടത്തും കാണാമായിരുന്നു. മിക്ക ഗൾഫ് രാജ്യങ്ങളും വ്യോമപാത അടച്ചതോടെ നിരവധി പ്രവാസികളുടെ യാത്ര ശനിയാഴ്ച മുടങ്ങി. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലാകുമെന്ന സ്ഥിതിയാണുള്ളത്. ഗൾഫ് മേഖലയിലേക്കുള്ള ഒട്ടുമിക്ക അന്താരാഷ്ട്ര വിമാന സർവിസുകളും റദ്ദാക്കിയത് ട്രാൻസിറ്റ് യാത്രക്കാരെയും ബാധിച്ചിട്ടുണ്ട്.
പ്രവാസികളുടെ ആശങ്ക പരിഗണിച്ച് വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സഹായങ്ങൾക്ക് ബന്ധപ്പെടാൻ ഹെൽപ്ലൈൻ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അതത് രാജ്യങ്ങൾ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണമെന്നും എംബസികൾ നിർദേശിച്ചു. മേഖലയിൽ യുദ്ധം പടരുന്നത് ഒഴിവാക്കാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ ജനങ്ങൾ. സംഘർഷാവസ്ഥ നീണ്ടുനിന്നാൽ സാമ്പത്തിക മേഖലകളെയും തൊഴിൽ രംഗങ്ങളെയും ബാധിക്കുന്ന സാഹചര്യമുണ്ടാകുമെന്ന ഭീതിയും ശക്തമാണ്. എന്നാൽ, സമീപ ദിവസങ്ങളിൽതന്നെ സമാധാന വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ അടക്കമുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.