റഷ്യയിൽ നടന്ന ചലച്ചിത്രമേളയിൽ നിന്ന്
മോസ്കോ : അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ റിമ കല്ലിങ്കൽ ചിത്രം തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി റഷ്യയിൽ പ്രദർശനത്തിനെത്തി. ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം രണ്ട് പ്രധാന റഷ്യൻ നഗരങ്ങളായ കസാനിലെയും യാൾട്ടയിലെയും ചലച്ചിത്ര മേളകളിൽ ഒരേസമയം പ്രദർശിപ്പിച്ചു. ഇത് ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാന മുഹൂർത്തമായി. ചിത്രത്തിന് ഒരു രാജ്യത്തിനുള്ളിൽതന്നെ രണ്ട് വേദികളിലാണ് പ്രദർശനത്തിന് അവസരം ലഭിച്ചത്. IX യാൽറ്റ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ യുറേഷ്യൻ ബ്രിഡ്ജ്) ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലും, രണ്ടാമതായി കസാനിൽ നടന്ന ടൈം ടാട്ടാർസ്ഥാൻ–ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ ഭാഗമായുമാണ് ചിത്രം പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചത്. ഒരു ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അപൂർവമായ നേട്ടമാണ്. നിരൂപകരിൽ നിന്നും പ്രതിനിധികളിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഇരു സ്ഥലങ്ങളിലെയും പ്രദർശനങ്ങൾ നേടിയത്.
‘റഷ്യ പോലുള്ള ഒരു രാജ്യത്ത് ഒരേസമയം രണ്ട് നഗരങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞത് വളരെ അപൂർവമായതും സന്തോഷം നൽകുന്നതുമായ കാര്യമാണ്‘ എന്ന് സംവിധായകൻ സജിൻ ബാബു പ്രതികരിച്ചു. മലയാള സിനിമക്ക് അതിർത്തികൾ കടന്ന് സ്വീകാര്യത ലഭിക്കുന്നത് എല്ലാവർക്കും അഭിമാനകരമായ നിമിഷമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈം ഫോറത്തിന്റെ ഭാഗമായി പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർക്ക് ടാട്ടാർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നിഖാനോവാണ് ആതിഥേയത്വം വഹിച്ചത്. തുടർന്ന് ‘ആധുനിക ഇന്ത്യൻ സിനിമയിലെ നിലവിലെ പുതുമകൾ’ എന്നതിനെക്കുറിച്ചുള്ള അവതരണം നടത്തി. കലാപരമായ കൈമാറ്റങ്ങൾ ആഘോഷിച്ചുകൊണ്ട് ഔദ്യോഗിക വിരുന്നും നടന്നു.
കസാനിൽ നടന്ന സിനിമയുടെ പ്രദർശനത്തിലും സജിൻ ബാബുവിന്‍റെ സമ്പൂർണ്ണ സാന്നിധ്യം ഉണ്ടായിരുന്നു. ചിത്രത്തിന്റെ ക്രിയാത്മകമായ സമീപനത്തെക്കുറിച്ചും, മിത്തിലും യാഥാർത്ഥ്യത്തിലുമുള്ള സിനിമയുടെ സമീപനത്തെകുറിച്ചും അദ്ദേഹം പ്രേക്ഷകരുമായി സംവദിച്ചു. 48-ാമത് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ്, പ്രത്യേക ജൂറി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ അംഗീകാരങ്ങൾ ഇതിനകം തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റിക്ക് ലഭിച്ചിട്ടുണ്ട്.
അഞ്ജന ടാക്കീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച ചിത്രത്തിൽ സന്തോഷ് കോട്ടായിയാണ് സഹനിർമാതാവ്. ടൈം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിനിവി-സി.എച്ച.ഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രം 2025 ഒക്ടോബർ 16ന് കേരളത്തിലെ തിയറ്ററുകളിലെത്തും. റിമ കല്ലിങ്കൽ, സരസ ബാലുശ്ശേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ,ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ. ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.