വിജയിക്കുമെന്ന് ഉറപ്പില്ലാതിരുന്ന ഒരു രജനീകാന്ത് ചിത്രം. ആദ്യം ആരാധകർ പോലും ഇഷ്ടപ്പെടാതിരുന്ന സിനിമ തിയറ്ററിൽ 175 ദിവസം തുടർച്ചയായി പ്രേക്ഷകർ കണ്ടു. ഇപ്പോഴിതാ, 33-ാം വാർഷികം ആഘോഷിക്കുകയാണ് രജനീകാന്ത്-മീന കൂട്ടുകെട്ടിൽ സ്ക്രീനിൽ എത്തിയ 'യജമാൻ' എന്ന ചിത്രം.
1992 ജനുവരിയിൽ പൊങ്കൽ സമയത്ത് റിലീസായ 'ചിന്ന ഗൗണ്ടർ' എന്ന ആർ.വി. ഉദയകുമാർ സംവിധാനം ചെയ്ത സിനിമ മികച്ച പ്രകടനം കാഴ്ചവെച്ചു. അതിന് ശേഷമാണ് ആർ.വി. ഉദയകുമാർ എ.വി.എം. പ്രൊഡക്ഷൻസുമായി കൈകോർക്കുന്നത്. രജനീകാന്തിനെ നായകനാക്കി'ജില്ലാ കലക്ടർ' എന്ന പുതിയൊരു തിരക്കഥ അദ്ദേഹം അവതരിപ്പിച്ചു. എന്നാൽ സിനിമയുടെ ബജറ്റ് വളരെ കൂടുതലാണെന്ന് നിർമാതാവ് എം. ശരവണന് തോന്നി. അങ്ങനെയാണ് മറ്റൊരു കഥ അവർ തെരഞ്ഞെടുക്കുന്നത്. അതാണ് യജമാൻ.
ചില എതിർപ്പുകൾക്ക് ശേഷമാണ് ചിത്രത്തിന്‍റെ കാസ്റ്റിങ്ങിൽ തീരുമാനമായത്. മീനയെ നായികയായി രജനീകാന്തിന് സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല. 1984-ൽ പുറത്തിറങ്ങിയ അൻപുള്ള രജനീകാന്ത് എന്ന ചിത്രത്തിൽ മീന ബാലതാരമായി അഭിനയിച്ചിരുന്നു. അതുകൊണ്ടുതന്നെ ആരാധകർ ആ ജോഡിയെ സ്വീകരിക്കുമെന്ന് രജനീകാന്തിന് ഉറപ്പില്ലായിരുന്നു. വല്ലവരയൻ എന്ന പ്രതിനായക കഥാപാത്രത്തെ നെപ്പോളിയൻ അവതരിപ്പിക്കുന്നതിനെയും അദ്ദേഹം എതിർത്തു. നടൻ വളരെ ചെറുപ്പമാണെന്ന് വാദിച്ചു. എന്നാൽ ഉദയകുമാർ രണ്ട് തീരുമാനങ്ങളിൽ നിന്നും പിന്മാറാൻ വിസമ്മതിച്ചു.
എന്നാൽ, ബോക്സ് ഓഫിസിൽ യജമാന്റെ വിജയം അപ്രതീക്ഷിതമായിരുന്നു. തിലഗവതി എന്ന സ്ത്രീ യജമാനെക്കുറിച്ചുള്ള ഒരു അവലോകനം എഴുതിയതാണ് സിനിമയുടെ തലവരമാറ്റിയത്. നിർമാതാവ് എം. ശരവണൻ അത് കാണുകയും അത് പ്രമോഷണൽ മെറ്റീരിയലായി ഉപയോഗിക്കുകയും ചെയ്തു. അതിന് ശേഷം ആദ്യ ദിവസങ്ങളെക്കാൾ കൂടുതൽ പ്രേക്ഷകർ തിയറ്ററുകളിൽ എത്തി. തിലഗവതിയുടെ ചിത്രത്തോടുള്ള സത്യസന്ധമായ പ്രതികരണം കാരണമാണ് പൊതുജനങ്ങൾ തിയറ്ററുകളിലേക്ക് ഒഴുകിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.