റാണ ദഗ്ഗുബതി

വൃക്ക മാറ്റിവെച്ചു, ശസ്ത്രക്രിയക്ക് ശേഷം രൂപം തന്നെമാറി; കടന്നുപോകുന്നത് ജീവിതത്തിലെ പ്രയാസമേറിയ ഘട്ടത്തിലൂടെയെന്ന് റാണ ദഗ്ഗുബതി

ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു ഘട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രശസ്ത നടൻ റാണ ദഗ്ഗുബതി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം കുറച്ചു നാളുകളായി സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്നു അദ്ദേഹം. വൃക്ക തകരാറിലാവുകയും ഹൃദയ സംബന്ധമായ സങ്കീർണതകൾ നേരിടുകയും ചെയ്തതിനെപറ്റി റിയ ചക്രവർത്തി അവതാരകയായ ചാപ്റ്റർ 2 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു റാണ.

വെറും ആരോഗ്യം വീണ്ടെടുക്കൽ മാത്രമല്ല ഇതെന്നും മറിച്ച് ആഴത്തിലുള്ള വ്യക്തിപരമായ ഒരു വിലയിരുത്തലായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി ചെയ്യാനിരുന്ന സിനിമകളിൽനിന്ന് പിന്മാറിയെന്നും അഡ്വാൻസ് തുക മടക്കിനൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കരിയറിൽ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്. ചികിത്സയോടനുബന്ധിച്ച് സിനിമയിൽനിന്ന് ഇടവേളയെടുക്കേണ്ടിവന്നു. അമേരിക്കയിൽ ചികിത്സയിലായിരിക്കുമ്പോൾ ശ്രദ്ധ അതിജീവിക്കുന്നതിലായിരുന്നു. ഒരുവർഷത്തെ ചികിത്സയ്ക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ, തീവ്രമായ ചികിത്സ തന്റെ രൂപത്തെ ഗണ്യമായി മാറ്റിയതായി തിരിച്ചറിഞ്ഞു. ഇതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടി' റാണ പറഞ്ഞു.

തന്റെ ആരോഗ്യ പ്രതിസന്ധിയുടെ അനന്തരഫലങ്ങളിലൊന്ന്, അസുഖത്തിന് മുമ്പ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാൻസ് തുക തിരികെ നൽകാനുള്ള തീരുമാനമായിരുന്നുവെന്ന് റാണ വെളിപ്പെടുത്തി. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന പ്രോജക്റ്റ് ഉൾപ്പെടെയുള്ള വേഷങ്ങൾക്ക് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോൾ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. അക്കാരണത്താൽ ആ ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക മുഴുവൻ തിരികെ നൽകിയെന്നും താരം കൂട്ടിച്ചേർത്തു.

ദുൽഖർ സൽമാൻ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ കാന്ത എന്ന ചിത്രമാണ് റാണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയുടെ നിർമാതാവും റാണയായിരുന്നു. മിറൈ, പരാശക്തി എന്നീ ചിത്രങ്ങളിൽ കാമിയോ വേഷങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

Tags:    
News Summary - Rana Daggubati on facing kidney failure and heart complications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.