'പെട്ടെന്ന് ഞാൻ കണ്ടത് എന്റെ അമ്മ ഡ്രൈവറുടെ കഴുത്തിൽ പിടിച്ചു വലിക്കുന്നതാണ്' അമ്മ അവരുടെ ഉള്ളിലെ ബ്ലഡി മേരിയെ പുറത്തെടുത്തതിനെകുറിച്ച് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമാണ് ദി ബ്ലഫ്. ബ്ലഡി മേരി എന്ന പ്രശസ്ത കടൽ കൊള്ളക്കാരിയായാണ് നടി ചിത്രത്തിൽ എത്തുന്നത്. വരാനിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടെ പ്രിയങ്ക അവരുടെ അമ്മയെകുറിച്ച് പറഞ്ഞ കാര്യമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര അവരുടെ ഉള്ളിലെ ബ്ലഡി മേരിയെ പുറത്തെടുത്തതിനെകുറിച്ചാണ് നടി സംസാരിച്ചത്.

'ഞങ്ങൾ അന്ന് ഡൽഹിയിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. എനിക്ക് അന്ന് 11 വയസ്സായിരിക്കണം പ്രായം. ഒരു ദിവസം ഞാനും അമ്മയും ടാക്സിയിൽ പോവുകയായിരുന്നു. ഒരു നിമിഷം കൊണ്ട് പെട്ടെന്ന് ഞാൻ കണ്ടത് എന്റെ അമ്മ ഡ്രൈവറുടെ കഴുത്തിൽ പിടിച്ചു വലിക്കുന്നതാണ്. അപ്രതീക്ഷിതമായി അമ്മക്ക് അറിയാത്ത ഒരു വഴിയിലേക്ക് അയാൾ വണ്ടി എടുത്തു. അതൊരു കുറുക്കുവഴിയാണെന്നാണ് പറഞ്ഞത്. പക്ഷേ അവിടെ ഞാനും എന്റെ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ പിന്നിൽ നിന്ന് അയാളുടെ കഴുത്ത് പിടിച്ച് മെയിൻ റോഡിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു' -പ്രിയങ്ക പറഞ്ഞു.

'എന്റെ അമ്മയുടെ അത്തരമൊരു വശം മുമ്പ് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. അതിനുശേഷം, നാല് മാസത്തേക്ക് ഞാൻ അമ്മയുമായി ഒരു കാര്യത്തിലും വാദിച്ചിട്ടില്ല. അമ്മ തനിച്ചായിരുന്നെങ്കിൽ അവർ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് എനിക്കറിയില്ല. ഞാൻ അമ്മയോടൊപ്പമുണ്ടായിരുന്നതാവാം അമ്മയിൽ അധികം പേടി ഉണ്ടാക്കിയത്. ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തുന്നവരെ അമ്മ വിറക്കുന്നുണ്ടായിരുന്നു' -പ്രിയങ്ക കൂട്ടിച്ചേർത്തു.

സ്വന്തം മക്കൾക്കുവേണ്ടി ഒരമ്മ എത്ര മാത്രം ശക്തയാകുമെന്നാണ് മധു ചോപ്ര അന്നവിടെ കാണിച്ചതെന്ന് ആരാധകർ പ്രതികരിച്ചു. അവരുടെ ധീരമായ പ്രവൃത്തിക്ക് അഭിനന്ദനം അറിയിക്കുകയാണ് പ്രേക്ഷകർ.

Tags:    
News Summary - Priyanka Chopra recalls mom Madhu held a cab driver's neck in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.