‘ഇത്രയും വെറുപ്പോട് കൂടി സിനിമ ചെയ്യാൻ പറ്റുന്നവർക്ക് ഭാവിയിൽ എന്തൊക്കെ ചെയ്യാൻ പറ്റും’ കേരള സ്റ്റോറിക്കെതിരെ വേടൻ

കോഴിക്കോട്: കേരള സ്റ്റോറി സിനിമക്കെതിരെ റാപ്പർ വേടൻ. വിദ്വേഷം കുത്തിക്കയറ്റി സിനിമ നിർമിക്കാൻ കഴിയുന്നവർക്ക് ഭാവിയിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് വേടൻ ചോദിച്ചു. സംഗീതപരിപാടിയിൽ പ​ങ്കെടുക്കുന്നതിനിടെയാണ് ചിത്രത്തിലെ രാഷ്ട്രീയവും അത് മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുവാൻ നോക്കുന്ന കേരള സ്റ്റോറി സിനിമയെ കുറിച്ചും വേടൻ സംസാരിച്ചത്. ഇത്തരം പ്രസ്‍താവനകൾ തനിക്ക് കൂടുതൽ അപകടം വിളിച്ചു വരുത്തുമെന്ന് അറിയാമെങ്കിലും ഇത് പറയേണ്ട ബാധ്യതയുണ്ടെന്ന് പറഞ്ഞാണ് വേടൻ സിനിമ​ക്കെതിരെ ശക്തമായി വിമർശിച്ചത്.

‘ഇ​ത്രയും വെറുപ്പോട് കൂടി സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ, ഇത്രയും ദേഷ്യം നമ്മളോട് കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ ഭാവിയിൽ അവർക്ക് നമ്മുടെ മേൽ എന്തൊക്കെ ചെയ്യാൻ സാധിക്കു’മെന്ന് വേടൻ ചോദിച്ചു. ഇത്തരം സിനിമകൾ ഇറങ്ങുന്ന സാഹചര്യത്തിൽ ശരിയായ വിദ്യാഭ്യാസം നേടിയില്ലെങ്കിൽ ഇവന്മാർ ആദ്യം അടിക്കാൻ പോകുന്നത് നമ്മളെയായിരിക്കുമെന്നും വേടൻ കാണികളോട് പറഞ്ഞു. ഇനി ആരെങ്കിലും സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിലുള്ള രാഷ്ട്രീയം കണ്ടോളണമെന്നും വേടൻ പറഞ്ഞു.

‘എനിക്കിത് പറയാതെ ഇരിക്കാം. വേണമെങ്കിൽ പാട്ടും പാടി വീട്ടിൽ പോകാം. അപ്പോഴെനിക്ക് കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. എന്നെകൊണ്ട് അത് ചെയ്യാൻ പറ്റാത്തത് നിങ്ങളെല്ലാവരും എന്റെ സഹമനുഷ്യമാ​രാണെന്ന് കാണാൻ പറ്റുന്നതു കൊണ്ടും നിങ്ങൾക്കത് കാണാൻ പറ്റുന്നതുകൊണ്ടുമാണ്. അത് കൊണ്ടാണ് ഞാൻ ഇവിടെ വന്ന് പെർഫോം ചെയ്യുന്നത്. നമ്മൾ ഒരുപാട് വർഷമായിട്ട് ഒന്നായിട്ട് എല്ലാ പ്രശ്നങ്ങളെയും മാറ്റി നിർത്തി രക്ഷപ്പട്ട് കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മളെ ഒരുപാട് തവണ പരീക്ഷിച്ചപ്പോഴും നമ്മൾ ഒരുമിച്ച് നിന്നു. അന്നൊന്നും നമ്മൾ ഇതൊന്നും കണ്ടില്ല. നമ്മൾ സമാധാനപരമായി ജീവിക്കാൻ നോക്കുമ്പോൾ ഇവന്മാർ ചെയ്യുന്ന പണികണ്ടോ? അവന്മാരുടെ ഭക്ഷണ രാഷ്ട്രീയവും കൊണ്ട് വന്നേക്കുവാണ് കേരളത്തിൽ’ വേടൻ കൂട്ടിച്ചേർത്തു. 

കേരളത്തെ മോശമായി ചിത്രീകരിക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് വരുന്നത്. സിനിമയിൽ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നതിന്റെ രംഗങ്ങളെല്ലാം സമൂഹമാധ്യമത്തിൽ വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. 

Tags:    
News Summary - Rapper Vedan lashes out Kerala Story 2 at his concert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.