കൊച്ചി: ‘ദി കേരള സ്റ്റോറി 2-ഗോസ് ബിയോൺഡ്’ എന്ന സിനിമക്ക് സെൻസർ ബോർഡ് പ്രദർശാനുമതി നൽകിയത് റദ്ദാക്കണമെന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ (സെൻസർ) ബോർഡിന്റെ വിശദീകരണം തേടി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നോട്ടീസ് അയച്ചു. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തെ അപമാനിക്കുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. ഈ മാസം 27നാണ് ചിത്രത്തിന്റ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ കഥ പറയുന്ന സിനിമക്ക് ‘കേരള സ്റ്റോറി’ എന്ന് പേരിട്ടത് ബോധപൂർവമാണെന്ന് ഹരജിയിൽ പറയുന്നു. ഭീകരവാദം, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കാര്യങ്ങൾ കേരളവുമായി മാത്രം ബന്ധിപ്പിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുന്നതിനും വർഗീയ ചേരിതിരിവിനും കാരണമാകുമെന്നാണ് പരാതി.
സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോഴും വലിയ രീതിയിലുള്ള വ്യാജ പ്രചാരണങ്ങൾ നടന്നതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് രണ്ടാം ഭാഗത്തിന് സെൻസർ ബോർഡ് അനുമതി നൽകിയതെന്ന് ഹരജിക്കാരൻ ആരോപിക്കുന്നു.
സിനിമയുടെ ടീസറിലും ട്രെയിലറിലുമുള്ള ചില പരാമർശങ്ങൾ പ്രകോപനപരമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിൽ സെൻസർ ബോർഡിന്റെ പുനഃപരിശോധനാ സമിതിക്ക് മുന്നിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും സിനിമയുടെ റിലീസ് അടുത്തിരിക്കുന്നതിനാൽ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. നിയമപരമായ പരിശോധനകൾ പൂർത്തിയാക്കുന്നതു വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.