നിനക്ക് ബീഫ് വേണ്ടേ? എന്നാൽ ഞാൻ കഴിച്ചോട്ടെ; കേരളാസ്റ്റോറി ട്രെയിലറിന് ട്രോൾമഴ

കേരളത്തെ മോശമായി ചിത്രീകരിച്ചതിന്‍റെ പേരിൽ ഏറെ വിവാദത്തിലായ സിനിമയാണ് കേരളാസ്റ്റോറി. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം വരെ സിനിമക്ക് ലഭിച്ചു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.

ട്രെയിലറിലെ രംഗങ്ങൾക്കെതിരെ വിമർശനവും ട്രോൾ മഴയുമാണ് സമൂഹമാധ്യമങ്ങൾ നിറയെ. പട്ടിണി കിടക്കേണ്ടി വന്നാലും ബീഫ് കഴിക്കില്ലെന്ന് പറയുന്ന പെൺകുട്ടിയെ പിടിച്ചുവച്ച് ബലാൽക്കാരമായി ബീഫ് കഴിപ്പിക്കുന്ന ട്രെയിലറിലെ രംഗങ്ങളാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്.

ഇതേത് കേരളമെന്നും പ്രേക്ഷകർ ചോദിക്കുന്നു. പൊറോട്ടയില്ലാതെ എങ്ങനെ ബീഫ് കഴിക്കും, നിനക്ക് ബീഫ് വേണ്ടേ എന്നാൽ ഞാൻ കഴിച്ചോട്ടെ..... ഇങ്ങനെ പോകുന്നു കമന്‍റുകളിലെയും ട്രോൾ പോസ്റ്റുകളിലെയും പരിഹാസം.

മലയാളികൾ ഇത് നിസാരമായി എടുക്കുമെങ്കിലും കേരളത്തെ പറ്റി അറിയാത്തവർ സിനിമ കാണുമ്പോൾ ഇതിലെ ഉള്ളടക്കം വിശ്വസിക്കാൻ സാധ്യതയുണ്ടെന്നും ഇത് കേരളം വിട്ട് പുറത്തുപോകുന്ന മലയാളികൾ അതിക്രമങ്ങൾക്ക് ഇരയാകാൻ ഇടയാക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. സിനിമക്കെതിരെ നിരവധി മേഖലയിലെ പ്രമുഖർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിനെതിരെ വിദ്വേഷം വിതക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ എന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. നുണകൾക്കെതിരെ സത്യം ജയിക്കണമെന്നും അതിനായി നാം ഒരുമിച്ച് നിലകൊള്ളണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Malayalis troll kerala story 2 trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.